വെള്ളറട: വറുതിയുണ്ടാകാതിരിക്കാൻ കാർഷിക മേഖല സംപുഷ്ടമാക്കണമെന്ന മുഖ്യമന്ത്രിയുടെ സന്ദേശമുൾക്കൊണ്ട് സ്വന്തം വീട്ടുവളപ്പിൽ അവധിക്കാലത്തു നട്ടുവളർത്തിയ പച്ചക്കറിചെടികൾ അയൽവാസികൾക്ക് കൂടെ കൈമാറി ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ്. 'നമുക്കുപണിയാം ഭൂമിക്കു പച്ചക്കുട ,നമ്മുടെ അടുക്കളയിൽ നമ്മുടെ പച്ചക്കറികൾ എന്നതാണ് ഭൗമദിനം മുതൽ ആനാവൂരിലെ കുട്ടിപൊലീസ് ആരംഭിച്ച ക്യാമ്പെയിൻ പ്രവർത്തനത്തിന്റെ മുദ്രാവാക്യം. ഓരോ കേഡറ്റും തങ്ങളുടെ സമീപ വീടുകളിൽ പച്ചക്കറിവിത്തുകൾ നൽകി അതു നടുന്നുണ്ടെന്നും പരിപാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തി ലിസ്റ്റുചെയ്യും. ഓണത്തിനുമുമ്പ് ഒരു ലക്ഷം പച്ചക്കറി ചെടികൾ പഞ്ചായത്തിൽ പുഷ്ടിയായി വളരുന്നുവെന്നു ക്യാമ്പെയിനിലൂടെ ഉറപ്പാക്കും.