തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമക്കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പതിന്നാല് ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ (പോക്സോ കോടതികൾ) ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട പ്രകാരമാണിത്. ഓരോ ജില്ലയിലെയും പോക്സോ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ മാർഗനിർദ്ദേശമനുസരിച്ചാണ് കോടതികളനുവദിച്ചത്. ഹൈക്കോടതിയാണ് സ്ഥലങ്ങളും നിർദ്ദേശിച്ചത്.
ഓരോ കോടതിയിലേക്കും ജില്ലാ ജഡ്ജ്, ബെഞ്ച് ക്ലാർക്ക്, സീനിയർ ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ ഒാരോ തസ്തിക വീതം അനുവദിച്ചിട്ടുണ്ട്. പോക്സോ കോടതികളുടെ പ്രവർത്തനച്ചെലവിന്റെ 60 ശതമാനം തുക കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനവും വഹിക്കും. വിരമിച്ച ജുഡിഷ്യൽ ഓഫീസറായിരിക്കും കോടതിയുടെ പ്രിസൈഡിംഗ് ഓഫീസർ.
പോക്സോ
കോടതികൾ
തിരുവനന്തപുരം: തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ. കൊല്ലം: പുനലൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ: ഹരിപ്പാട്. കോട്ടയം:കോട്ടയം, ചങ്ങനാശ്ശേരി. ഇടുക്കി: പൈനാവ്, കട്ടപ്പന. എറണാകുളം: പെരുമ്പാവൂർ, ആലുവ. തൃശൂർ: തൃശൂർ, കുന്നംകുളം, ഇരിങ്ങാലക്കുട. പാലക്കാട്: പാലക്കാട്, പട്ടാമ്പി. മലപ്പുറം: പെരിന്തൽമണ്ണ, തിരൂർ, മഞ്ചേരി. കോഴിക്കോട്: കോഴിക്കോട്, കൊയിലാണ്ടി. വയനാട്: കല്പറ്റ. കണ്ണൂർ: തലശ്ശേരി, തളിപ്പറമ്പ്, കാസർകോട്: ഹോസ്ദുർഗ്.