വർക്കല: കൃഷിയെ മാറ്റി നിറുത്തി ഒരു ബിസിനസിനും ഈ എം.ബി.എക്കാരൻ ഒരുക്കമല്ല. വർക്കല കുരയ്ക്കണ്ണി കാലവിളാകത്ത് വീട്ടിൽ നന്ദു (28) ആണ് വീടിനോട് ചേർന്നുള്ള പുരയിടത്തിൽ വിവിധ കൃഷികൾ നടത്തി ശ്രദ്ധ നേടുന്നത്. എം.ബി.എ പഠനം കഴിഞ്ഞ് രണ്ടരവർഷം കുരയ്ക്കണ്ണിയിൽ കരിക്കിൻവെള്ള നിർമ്മാണ യൂണിറ്റ് നടത്തിയശേഷമാണ് നന്ദു കൃഷിയിലേക്ക് തിരിഞ്ഞത്. അമ്പത് സെന്റ് സ്ഥലമാണ് പച്ചക്കറി കൃഷിക്ക് നന്ദു തിരഞ്ഞെടുത്തത്. കൊവിഡ് കാലത്തിന് മുൻപ് കൃഷിയിറക്കിയത് വളരെ നന്നായിയെന്ന് നന്ദു പറയുന്നു. ലോക്ക് ഡൗൺ വേളയിൽ നന്ദുവിന്റെ കൃഷിത്തോട്ടത്തിലെ വിളകൾ വാങ്ങുന്നതിന് ആവശ്യക്കാർ ഏറെയാണ്. പച്ചക്കറിത്തോട്ടത്തിൽ സമൃദ്ധമായ വിളവെടുപ്പിന്റെ തിരക്കിലാണ് നന്ദു. കൃഷിവകുപ്പിന്റെ ജീവനി പദ്ധതി പ്രകാരമാണ് കൃഷി ആരംഭിച്ചത്. ഡ്രിപ്പ് സിസ്റ്റം ഉൾപ്പെടെ ആധുനിക കൃഷി രീതികൾ ഉപയോഗിച്ചു. റിട്ട: ബി.എസ്.എൻ.എൽ ജീവനക്കാരനും കർഷകനുമായ പിതാവ് വിജയപ്രകാശിന്റെ അനുഭവസമ്പത്തും മകന് കരുത്തായി. ആദ്യവർഷം തന്നെ മികച്ച വിളവും ലഭിച്ചത് ആവേശം വദ്ധിപ്പിച്ചു. വർക്കല അസി. കൃഷി ഓഫീസർ ബൈജു ഗോപാലിനെ പരിചയപ്പെട്ടതോടെയാണ് നന്ദുവിന്റെ കൃഷിയോടുള്ള മോഹം യാഥാർത്ഥ്യമായത്. കൃഷിസ്ഥലം ഒരുക്കുന്നത് മുതലുള്ള സഹായങ്ങളും നിർദ്ദേശങ്ങളും കൃഷിഭവനാണ് നൽകിയത്. ജനുവരി 30ന് വി. ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച ജീവനി പദ്ധതിയിലൂടെ വെണ്ട, പാവൽ, വെള്ളരി, പയർ, മുളക്, ചീര, കത്തിരി, വഴുതന, തക്കാളി, ഇഞ്ചി, തുടങ്ങി എല്ലാ ഇനം പച്ചക്കറികളും നന്ദുവിന്റെ തോട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്. ദിവസവും അമ്പത് കിലോഗ്രാം വരെ പച്ചക്കറി വിളവെടുക്കും. ലോക്ക്ഡൗൺ ആയതോടെ തന്റെ കൃഷിത്തോട്ടത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്നുണ്ടെന്ന് നന്ദു പറയുന്നു. കൃഷിത്തോട്ടം കാണുന്നതിനും അറിയുന്നതിനും ഒത്തിരി സുഹൃത്തുക്കളാണ് ദിവസവും നന്ദുവിന്റെ വീട്ടിലെത്തുന്നത്.