ലഖ്‌നൗ: കൊവിഡ് വൈറസ് ബാധ വ്യാപകമായ പ്രദേശങ്ങളിൽ പൂൾ ടെസ്റ്റിംഗ് നടത്തുമെന്ന് യോഗി ആദിത്യനാഥ്. ലക്നൗ, പ്രയാഗ്രാജ്, ആഗ്ര എന്നിവിടങ്ങളിൽ പൂൾ ടെസ്റ്റിംഗ് ആരംഭിച്ചതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിൽ വച്ചാണ് ലോക്ക്ഡൗൺ അവലോകന യോഗം നടത്തിയത്.
ക്വാറന്റൈനിൽ കഴിയുന്നവർ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ആവർത്തിച്ച് ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ കൊവിഡ് രോഗികൾക്ക് ഓക്സിജൻ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ആശുപത്രികളിൽ ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ ഉണ്ടോയെന്ന് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കൊവിഡ് 19 കേസുകൾ കൈകാര്യം ചെയ്യുന്നതിൽ മെഡിക്കൽ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകണം.
ഇതിനായി അവർക്കു വേണ്ടി പരിശീലനപരിപാടികൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാസ്മ തെറാപ്പി അനുകൂലമായ ഫലമാണ് നൽകുന്നത്. അതുപോലെ തന്നെ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. അന്തർസംസ്ഥാന, അന്തർജില്ലാ യാത്രകളെ കർശനമായി പരിശോധിക്കണമെന്നും ലോക്ക് ഡൗൺ നിയമങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്തെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി അഭയകേന്ദ്രങ്ങളും കമ്യൂണിറ്റി കിച്ചണുകളും എല്ലാ ദിവസവും ശുചിയാക്കണമെന്നും ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും പറഞ്ഞു. റംസാൻ മാസത്തിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരികെയെത്തിയ തൊഴിലാളികൾക്കായി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു