മധുര: തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കൊവിഡ് ഇതേവരെ തീവ്രതയറിയിച്ചിട്ടില്ല. എന്നാൽ നഗരങ്ങളിലെക്കാളും ഗ്രാമങ്ങളിലെ ജനങ്ങളെയാണ് ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഉപജീവനമാർഗം നഷ്ടപ്പെട്ട പലരും ദിവസങ്ങൾ തള്ളി നീക്കുന്നത് വളരെ പാടുപെട്ടാണ്. വരുമാന മാർഗങ്ങൾ നിലച്ചതോടെ ക്ഷേത്രത്തിലെ ഉത്സവത്തിന് വേണ്ടി സമാഹരിച്ച തുക തുല്യമായി വീതിച്ചെടുത്തിരിക്കുകയാണ് മധുരയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള മീനാക്ഷിപുരം ഗ്രാമത്തിലുള്ളവർ . 7.5 ലക്ഷം രൂപ 250 കുടുംബങ്ങളാണ് വീതിച്ചെടുത്തത്. ഓരോ കുടുംബത്തിനും 3000 രൂപ വീതം ലഭിച്ചു. ഭക്ഷണത്തിനും മറ്റുമായി പണമില്ലാതെ എല്ലാവരും വലയുന്നത് കണ്ടതോടെ ഗ്രാമത്തിലെ മുതിർന്നവർ ചേർന്നെടുത്ത തീരുമാനമാണിത്.
ഗ്രാമത്തിലെ അയ്യനാർ, മുത്താലമ്മൻ ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങൾക്കായി എല്ലാ വർഷവും ഇവിടുള്ളവർ പണം സമാഹാരിക്കാറുണ്ട്. ഏപ്രിൽ ആദ്യ ആഴ്ചയാണ് ഇവിടെ ഉത്സവാഘോഷങ്ങൾ നടക്കേണ്ടിയിരുന്നത്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആഘോഷങ്ങളെല്ലാം മാറ്റി വച്ചു. സമാഹരിച്ച തുക ക്ഷേത്ര പുനരുദ്ധാരണത്തിന് ചെലവാക്കാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ക്ഷേത്ര പുനരുദ്ധാരണം ഇനിയുമാകാമെന്നാണ് ഇവർ പറയുന്നത്. കർഷകരും നിർമാണ തൊഴിലാളികളുമാണ് ഗ്രാമത്തിൽ ഏറെയും. ദിവസവും 250 രൂപ വരെയാണ് ഇവിടത്തെ സാധാരണ കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ കൊവിഡ് വ്യാപിക്കാൻ തുടങ്ങിയതോടെ തൊഴിൽ പ്രതിസന്ധിയിലായി. 750 പേരാണ് ഗ്രാമത്തിൽ ആകെയുള്ളത്.