വെഞ്ഞാറമൂട് /മുടപുരം: കൊവിഡ് ബാധയും ലോക്ക് ഡൗണും ട്രസ്റ്റുകളുടെയും ക്ഷേത്ര കമ്മിറ്റികളുടെയും കീഴിൽ വരുന്ന ക്ഷേത്രങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ക്ഷേത്രങ്ങളിൽ നിത്യപൂജ നടത്തുന്നുണ്ടെങ്കിലും ഭക്തർക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ വരുമാനം പൂർണമായും നിലച്ചിരിക്കുകയാണ്. വിവാഹ മണ്ഡപം, സദ്യാലയം, നഴ്സറി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ തുടങ്ങിയവ നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങൾക്ക് അതുവഴി ഉള്ള വരുമാനവും ഇല്ല.ഇത് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഉത്സവാഘോഷങ്ങൾ നടക്കുന്ന വേളയിലാണ് ക്ഷേത്രങ്ങൾക്ക് നല്ല വരുമാനം ലഭിക്കുന്നത്. ആ വരുമാനം ഒരുവർഷത്തെ ചെലവുകൾക്കും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കും ചെലവാക്കാനാകും. ശാർക്കര ദേവീ ക്ഷേത്രം, അഴൂർ ഭഗവതി ക്ഷേത്രം, പെരുങ്ങുഴി രാജരാജേശ്വരി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ കൊവിഡ് മൂലം ഉത്സവങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം, ശിവകൃഷ്ണപുരം ശിവകൃഷ്ണക്ഷേത്രം, അഴൂർ ഭഗവതി ക്ഷേത്രം എന്നീ പ്രമുഖ ക്ഷേത്രങ്ങളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചാൽ സ്ഥിരം ജീവനക്കാരുടെ ശമ്പളവും മറ്റ് നിത്യപൂജ ചെലവുകൾക്കുമായി ഒരുമാസം ശരാശരി ഒരുലക്ഷം രൂപയോളം ചെലവാകുന്നുണ്ട്. കഴിഞ്ഞ ഒരുമാസമായി വരുമാനമില്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ് ക്ഷേത്രങ്ങൾ നേരിടുന്നത്.
നിരവധി പേരുടെ ആശ്രയം
പ്രമുഖ ക്ഷേത്രങ്ങളിൽ ശാന്തിമാർ, ഓഫീസ് ജീവനക്കാർ, സഹശാന്തിമാർ, മറ്റ് ക്ഷേത്രം ജീവനക്കാർ, പുറം പരിചാരകർ, വെടിവയ്പുകാരൻ, അടിച്ചുതളിക്കാർ എന്നിവർക്ക് പുറമെ ദിവസ വേതനക്കാരും ഉണ്ട്. വരുമാനം ഇല്ലെങ്കിലും സ്ഥിരം ജീവനക്കാർക്ക് ശമ്പളം കൊടുത്തേ മതിയാകൂ. നിത്യപൂജ നടത്തുന്നതിനായി പുഷ്പങ്ങൾ,പൂജാസാധനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനായി ക്ഷേത്രം ട്രസ്റ്റുകൾക്ക് പ്രതിദിനം രണ്ടായിരം രൂപയോളം ചെലവഴിക്കുന്നുണ്ട്.
ശാന്തിക്കാർ ദുരിതത്തിൽ
ആഴ്ചയിൽ രണ്ട് ദിവസവും മറ്റു വിശേഷ ദിവസങ്ങളിലും മാത്രം പൂജ നടത്തുന്ന ചെറിയ ക്ഷേത്രങ്ങളിലെ ശാന്തിമാർക്ക് വളരെ തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. പൂജചെയ്യുന്ന ദിവസം ലഭിക്കുന്നത് 300 രൂപ മുതൽ 600 രൂപ വരെയാണ്. പിന്നെ ദക്ഷിണയായി കിട്ടുന്ന ചില്ലറയും. ഇത്രയും ചുരുങ്ങിയ വരുമാനത്തിലാണ് ഇവരുടെ ജീവിതം മുന്നോട്ടുനീങ്ങുന്നത്.
പ്രെെവറ്റ് ക്ഷേത്ര ശാന്തിമാർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാർ തയ്യാറായെങ്കിലും ആനുകൂല്യത്തിന് അപേക്ഷിക്കുന്നത് സംബന്ധിച്ച് യാതൊരുവിധ വ്യക്തതയും വരുത്തിയിട്ടില്ല.