വർക്കല: മഹാരാഷ്ട്രയിൽ സന്യാസിമാരെ കൊലപ്പെടുത്തിയത് പാപമുക്തിയില്ലാത്ത മഹാ പാതകമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ദാരുണ സംഭവം ആർഷ ഭാരതത്തിന്റെ ധാർമ്മികതയ്ക്കും പാരമ്പര്യത്തിനും അങ്ങേയറ്റം കളങ്കമുണ്ടാക്കി.
ധർമ്മരാഷ്ട്രം അല്ലെങ്കിൽ ക്ഷേമ രാഷ്ട്രം എന്നതാണ് ഭാരതത്തിന്റെ മഹത്തായ സങ്കല്പം. ധർമ്മത്തെ പരമമായ ദൈവമായും മഹത്തായ ധനമായും ശ്രീനാരായണ ഗുരുദേവൻ ഉൾപ്പെടെയുള്ള ഗുരുപരമ്പര ദർശിക്കുന്നുമുണ്ട്. ധർമ്മങ്ങളിൽ വച്ച് പരമമായ ധർമ്മം അഹിംസയാണ്. അങ്ങനെയുള്ള ഭാരതത്തിന്റെ പുണ്യ ഭൂമിയിലാണ് ഇക്കഴിഞ്ഞ 17ന് രണ്ട് സന്യാസിമാർ മൃഗീയമായി കൊലചെയ്യപ്പെട്ടത്.
സന്യാസിമാർ ലോക സംഗ്രഹത്തിനായി ആത്മാർപ്പണം ചെയ്തവരാണ്. അവരുടെ ജീവനെടുക്കുന്നത് സ്വയം ജീവനെടുക്കുന്നതിന് തുല്യമാണ്. ഈ മഹാപാതകത്തിന് പരിഹാരമില്ല, മുക്തിയുമില്ല. ധർമ്മത്തെ രക്ഷിക്കുന്നവർ ധർമ്മത്താൽ രക്ഷിക്കപ്പെടുമെന്ന ഭാരതദർശനം മറഞ്ഞ് പോകുന്ന യാതൊരു ചിന്തയ്ക്കും വൃത്തിക്കും സ്ഥാനം ഉണ്ടാകരുത്. അക്കാര്യത്തിൽ ഭരണ - രാഷ്ട്രീയ നേതൃത്വങ്ങളും മറ്റെല്ലാ മനുഷ്യ കൂട്ടായ്മകളും ജാഗ്രത പുലർത്തണമെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.