ചെന്നൈ: കൊവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്കയിലാണ് ചെന്നൈ നഗരമിപ്പോൾ. ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 60 ഓളം പേർക്ക് രോഗം പടർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്തതാണ് ആരോഗ്യ പ്രവർത്തകരിൽ ആശങ്ക സൃഷ്ടിക്കുന്നത്. എന്നാൽ, തമിഴ്നാട് സർക്കാർ സമൂഹവ്യാപന സാദ്ധ്യത നിഷേധിക്കുന്നുണ്ട്.
ഇതുവരെ സ്ഥിരീകരിച്ച 1,596 കേസുകളിൽ 60 ലേറെ പേർക്ക് രോഗം ഉണ്ടായത് എവിടെ നിന്നാണെന്ന് ഇതേ വരെ കണ്ടെത്താനായിട്ടില്ല. ഇതിൽ ഭൂരിഭാഗം പേരും ചെന്നൈ നഗരത്തിൽ താമസിക്കുന്നവരാണ്. ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾക്ക് കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ഒരു മാസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതും ആശങ്കകൾക്കിടയാക്കുന്നുണ്ട്. പരിശോധന കൂടിയതാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ കാരണമെന്നും സമ്പർക്കം മൂലമാണ് പലർക്കും രോഗം വന്നിരിക്കുന്നതെന്നും സംസ്ഥാന ആരോഗ്യമന്ത്രാലയം പറയുന്നു. എന്നാൽ, സമൂഹ വ്യാപനത്തിന്റെ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
ചെന്നൈയിൽ ഒരു മാസത്തിന് ശേഷം രോഗം സ്ഥിരീകരിച്ച കേസ് ഒരുപക്ഷേ, സമൂഹവ്യാപനത്തെ സൂചിപ്പിക്കുന്നതാകാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്ന് പറയപ്പെടുന്ന രോഗിയ്ക്ക് ഒരു മാസം മുമ്പാണ് കൊവിഡ് കണ്ടെത്തിയത്. എന്നാൽ കൊവിഡിന്റെ ഒരു ലക്ഷണവും ഇല്ലാതെ ഒരു മാസത്തിലേറെയായി ഇയാൾ കഴിയണമെങ്കിൽ വൈറസ് ബാധയുള്ള മറ്റാരോ ആയി ഇയാൾ ഇതിനിടയിൽ സമ്പർക്കത്തിൽ വന്നിരിക്കാമെന്നാണ് അഭിപ്രായം. നിയന്ത്രണ മേഖലകളുടെ എണ്ണം കൂടുന്നതും ഹോട്ട്സ്‌പോട്ടിന് പുറത്ത് വിദേശത്തോ, മറ്റ് കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടില്ലാത്തവരുമായവരിൽ വരെ വൈറസ് ബാധ കണ്ടെത്തുന്നതും സമൂഹ വ്യാപനത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. 358 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതിൽ മിക്കവരും നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. ഈ ഒരൊറ്റ ക്ലസ്റ്ററിൽ നിന്നാണ് ചെന്നൈയിൽ ഇത്രയും അധികം പേരിൽ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഹോട്ട്സ്‌പോട്ടുകളുടെ എണ്ണവും തമിഴ്നാട്ടിൽ വർദ്ധിച്ചു വരികയാണ്. സംസ്ഥാനത്തെ പരിശോധനാ ക്രമങ്ങൾ മികച്ചതാണെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യരംഗത്തുള്ള ചിലർ ഇതിനോട് യോജിക്കുന്നില്ല.
ഏറ്റവും വലിയ ഹോട്ട്സ്‌പോട്ട് ആയതിനാൽ ചെന്നൈ നഗരത്തിൽ സർക്കാർ പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും മറ്റ് പലഭാഗങ്ങളിലും അത് ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം. ലോക്ക് ഡൗണുകൾ നീട്ടുന്നത് കൊണ്ട് മാത്രം രോഗ വ്യാപനം തടയാനാകില്ലെന്നും സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ നടപടികൾ ഇനിയും ഊർജിതമാക്കണമെന്നും സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.