kn

തിരുവനന്തപുരം- റിസോർട്ടിൽ കഞ്ചാവ് കൃഷിയും വിൽപ്പന നടത്തുകയും ചെയ്ത രണ്ടുപേരെ വർക്കല സി.ഐ ഗോപകുമാറിന്റെ സംഘം അറസ്റ്റ് ചെയ്തു. ശ്രീനിവാസപുരത്തെ ഒരു റിസോർട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയും കഞ്ചാവ്‌ തമിഴ്നാട്ടിൽ നിന്നുമെത്തിച്ച്‌ വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുകയും ചെയ്ത പാലച്ചിറ സലിം മൻസിലിൽ അബ്ദുള്ള (22), ജാസ്സ് പാലസിൽ ഇജാസ് (20) എന്നിവരാണ് പന്തുവിള കോളനിക്ക് സമീപത്ത് നിന്ന് പിടിയിലായത്. ഇവരിൽനിന്ന്‌ 30 പൊതി കഞ്ചാവ് കണ്ടെത്തി. കഴിഞ്ഞ ഒരു വർഷമായി ഇവർ റിസോർട്ടിലാണ്‌ താമസം. ഇവിടെ നട്ടുവളർത്തിയ 25 ഓളം കഞ്ചാവ് ചെടികളും വർക്കല പൊലീസ് കണ്ടെടുത്തു.

തമിഴ്നാട്ടിൽ നിന്നു ബൈക്കിലെത്തിച്ച 10 ഗ്രാമിന്റെ ചെറിയ പൊതിക്ക് 1000 രൂപ നിരക്കിലായിരുന്നു വിൽപ്പന. വിദ്യാർത്ഥികളായിരുന്നു ആവശ്യക്കാർ.തേനിയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിക്കുന്നത്. അബ്ദുള്ളയ്ക്കെതിരെ 2018 ജൂലൈ 16ന് വർക്കല തിരുവമ്പാടി കിഴക്കേകുളം വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതിനും രണ്ടര കിലോ കഞ്ചാവ് കൈവശം വച്ചതിനും കേസുണ്ട്. ഇതിൽ മൂന്നുമാസത്തെ റിമാൻഡ് കഴിഞ്ഞിറങ്ങിയശേഷമാണ് വീണ്ടും പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവരെ പിടികൂടിയത്. എസ്.ഐ പി അജിത്‌ കുമാർ, പ്രൊബേഷൻ എസ്.ഐ വി പി പ്രവീൺ, ഗ്രേഡ്‌ എസ്ഐ ഷാബു, ഷൈൻ, സുബാഷ്, അനിൽ കുമാർ എന്നിവരും പൊലീസ് സംഘത്തിലുൾപ്പെട്ടിരുന്നു..