കിളിമാനൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ വീടിനുള്ളിൽ ഒതുങ്ങിക്കൂടിയപ്പോൾ തുറക്കപ്പെട്ടത് വായനാ ലോകത്തേക്കുള്ള വാതിലായിരുന്നു. ജീവിത തിരക്കുകൾ കാരണം മാറ്റി വയ്ക്കപ്പെട്ട പഴയ വായനാശീലം തിരിച്ചുവന്ന സന്തോഷത്തിലാണ് ഈ വായനാദിനത്തിൽ പലരും. വായിക്കണമെന്ന ആഗ്രഹത്തിൽ വാങ്ങിയ പുസ്തകങ്ങൾ ഒന്ന് മറിച്ചുപോലും നോക്കാതെ അലമാരയിൽ പൂട്ടിവച്ചവരിൽ പലർക്കും പൊടിതട്ടിയെടുത്ത് വായിക്കാനുള്ള അവസരമായി ഈ ലോക്ക് ഡൗൺ കാലം. പുസ്തക ശേഖരം അധികമില്ലാത്തവർ ഇ ബുക്ക് വായന ശീലമാക്കി. പ്രസാധകരെല്ലാം പുസ്തകങ്ങൾ ഓൺ ലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. പല ജോലിയിൽ വ്യാപൃതരായിരുന്നിട്ട് പെട്ടെന്നൊരുദിവസം വീടുകളിൽ ഒറ്റപ്പെട്ടപ്പോഴുണ്ടായ വിഷാദവും മാനസിക സംഘർഷവും ഒഴിവാക്കാൻ പുസ്തകങ്ങളെ ആശ്രയിച്ചവരും നിരവധി. പല സ്ഥലങ്ങളിലും വായനശാലകൾ ഒന്നു വിളിക്കൂ വീട്ടുമുറ്റത്തെത്തും പുസ്തകം എന്ന പദ്ധതി വരെ കൊണ്ടുവന്നു. പുതുതലമുറയിൽ വായനാശീലം മരിക്കുന്നില്ല ഉപാധികളാണ് മാറുന്നതെന്നാണ് തെളിയുന്നത്. ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഓൺലൈൻ വായനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
വായനയുടെ ഗുണങ്ങൾ
അറിവ് ലഭിക്കും
ഓർമ ശക്തി വർദ്ധിപ്പിക്കും
മാനസിക സമ്മർദ്ദം കുറയ്ക്കും.
ഏകാഗ്രത കിട്ടും
ഏത് മഹാമാരിയെയും മറികടക്കാനുള്ള ശക്തിയും പ്രത്യാശയും വായനയ്ക്കുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ കൊവിഡ് കാലം. വർത്തമാനകാലത്ത് വായനശീലം വർദ്ധിക്കുകയാണ് ചെയ്തത്. പുസ്തകത്തിൽ നിന്ന് മാറി ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലേക്ക് കടന്നെന്ന് മാത്രം.
കെ.ആർ.മീര, എഴുത്തുകാരി