ib

കാട്ടാക്കട: ലോക്ക്ഡൗൺ കാലത്ത് കാട്ടാക്കട മണ്ഡലത്തിലെ വീടുകളിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി ഓൺലൈൻ സംവിധാനം ഒരുങ്ങി. http://oppam.co എന്ന വെബ്സൈറ്റ് ഇന്ന് രാവിലെ 10 മുതൽ പൊതു ജനങ്ങൾക്ക് ഉപയോഗിച്ച് തുടങ്ങാം. അവശ്യസാധന വിതരണത്തിനായി തുടക്കം കുറിച്ച 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' പോർട്ടലിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. ആദ്യഘട്ടമായി കാട്ടാക്കട പഞ്ചായത്ത് പരിധിയിലാണ് ഈ സേവനം ലഭ്യമാകുക. രാവിലെ 10 നു ഉച്ചയ്ക്ക് 2 നും ഇടയിൽ അവശ്യസാധനങ്ങളുടെ ലിസ്റ്റ് നൽകിയാൽ അന്നേ ദിവസം തന്നെ 5 മണിക്ക് മുൻപായി സാധനങ്ങൾ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം വരുന്ന ഓർഡറുകൾ അടുത്ത ദിവസം ഉച്ചയ്ക്ക് 2 ന് മുൻപായി വീടുകളിൽ എത്തിക്കും. കൂടിയ അളവിലുള്ള സാധനങ്ങൾ എത്തിക്കുന്നതിനായി ആട്ടോറിക്ഷകളും സജ്ജമാക്കിയിട്ടുണ്ട്. അതിനുള്ള ആട്ടോ ചാർജ്ജ് ഉപഭോക്താവ് വഹിക്കണം. ജൈവകർഷകനായ സുബീഷിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ടെക്കികളുടെ സ്ഥാപനമായ കണക്ട്-ഒണ്ണും ചേർന്നാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്. ജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തി കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് എം.എൽ.എ അറിയിച്ചു.