photo

വിതുര: കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ കാറ്രിലും മഴയിലും വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ കനത്ത നാശം. മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും നാല് വീടുകൾക്ക് കേടുപാടുണ്ടായി. തൊളിക്കോട് തുരുത്തി പേഴുംമൂട് മോഹനൻ നായർ, തുരുത്തി ഒലിപ്പീൽ ബുഹാരി, തുരുത്തി സൈഫുദീൻ, വിതുര പേപ്പാറ സുരേന്ദ്രൻ എന്നിവരുടെ വീടുകളിലേക്കാണ് മരങ്ങൾ വീണത്. മരശിഖരം വീണ് വളർത്തു മൃഗങ്ങൾക്കും പരിക്കേറ്റു. തുരുത്തി ജംഗ്‌ഷനിൽ വെയ്റ്റിംഗ് ഷെഡിന് സമീപം ആഞ്ഞിലി മരം വീണ് വൈദ്യുതി ലൈൻ പൊട്ടി ഗതാഗത തടസം ഉണ്ടായി. വിതുരയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി. ശക്തമായ കാറ്റിൽ പനക്കോട് ചെറുവക്കോണം സജിയുടെ അഞ്ഞൂറിൽപരംവാഴകൾ ഒടിഞ്ഞു വീണു. ഇവിടെ അനവധി റബർ മരങ്ങളും കാറ്റത്ത് നിലം പൊത്തി. രണ്ടു പഞ്ചായത്തുകളിലുമായി 25 ലക്ഷത്തിൽ പരം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.നാശനഷ്ടമുണ്ടായവർക്ക് അടിയന്തര സഹായം നൽകണമെന്ന് കെ.എസ്. ശബരിനാഥൻ എം.എൽ.എ ആവശ്യപ്പെട്ടു.