തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ ഇഞ്ചിവിളയിൽ മാദ്ധ്യമ പ്രവർത്തകൻ അടക്കമുള്ളവരെ പൊലീസ് തടഞ്ഞ് അസഭ്യവർഷം ചൊരിഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ കേരള കൗമുദിയുടെ നാഗർകോവിൽ ലേഖകൻ ശ്രീനാഥ് പാറശാലയിലേക്ക് വരുംവഴി ഇഞ്ചിവിളയിൽ എത്തിയപ്പോഴാണ് കേരള പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടയുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അസഭ്യം പറയുകയുകയും ചെയ്തത്. തിരികെ പോയില്ലെങ്കിൽ കൈയേറ്റം ചെയ്യുമെന്നും ഭീക്ഷണിപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ ആശുപത്രികളിലേക്ക് വാഹനങ്ങളിൽ എത്തുന്ന രോഗികളെ ഇഞ്ചിവിളയിൽ തടഞ്ഞു നിറുത്തി തിരികെ അയയ്ക്കുന്നത് അന്വേഷിക്കാനാണ് ലേഖകൻ സ്ഥലത്തെത്തിയത്. പൊലീസിന്റെ നടപടിക്കെതിരെ മാദ്ധ്യമ പ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.