china

ബീജിംഗ്: ചൈനയിൽ റഷ്യൻ അതിർത്തിയോട് ചേർന്ന വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഈ മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ചൈനയിൽ കൊവിഡിന്റെ രണ്ടാം ഘട്ടം പൊട്ടിപ്പുറപ്പെടാനിടയാക്കുമോ എന്ന ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.

ഹെയ്‌ലോംഗ് ജിയാംഗ് പ്രവിശ്യയിലാണ് ചൈന ഇപ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്. റഷ്യയിൽ നിന്നും ഈ പ്രദേശം വഴി ചൈനയിലേക്ക് പ്രവേശിക്കുന്നവരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഹെയ്‌ലോംഗ് ജിയാംഗ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാർബിൻ നഗരം അടച്ചിരിക്കുകയാണ്. നിലവിൽ വിദേശത്ത് നിന്നോ ഹോട്ട്സ്പോട്ടുകളിൽ നിന്നോ വരുന്നവരെയെല്ലാം ചൈന ക്വാറന്റൈനിലാക്കുകയാണ്. പല നഗരങ്ങളിലും മാസ്കുകൾ കർശനമാക്കിയിട്ടുണ്ട്.

സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ പുറത്തനിന്നും വരുന്നവരെ ഇപ്പോൾ നഗരങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളു. ഒരറിയിപ്പുണ്ടാകുന്നത് വരെ ഹെയ്‌ലോംഗ് ജിയാംഗ് പ്രവശ്യയിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കോ ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്കോ പോകാൻ പാടില്ല. ഹെയ്‌ലോംഗ് ജിയാംഗിലെ രണ്ട് ആശുപത്രികളിൽ സ്ട്രോക്കിനെ തുടർന്ന് ഒരു 87 വയസുകാരൻ ചികിത്സ തേടിയിരുന്നു. ഇയാൾക്ക് പിന്നീട് കൊവിഡും സ്ഥിരീകരിച്ചു. ഇയാൾ എത്തിയ ഈ രണ്ട് ആശുപത്രികളിൽ ജോലി ചെയ്യുകയോ സന്ദർശനം നടത്തുകയോ ചെയ്ത 35 പേർക്കാണ് കഴിഞ്ഞാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.

നിലവിൽ 537 പേർക്കാണ് ഹെയ്‌ലോംഗ് ജിയാംഗിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 384 പേർ വിദേശത്ത് നിന്നും വന്നവരാണ്. കഴി‌ഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിദേശത്ത് നിന്നും വന്നവരല്ലാത്ത ഏഴ് പേർക്ക് ചൈനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഏഴ് പേരും ഹെയ്‌ലോംഗ് ജിയാംഗ് പ്രവിശ്യയിലുള്ളവരാണ്. വിദേശത്ത് നിന്നും എത്തിയവരിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് റഷ്യൻ അതിർത്തിയിലെ സ്വെയ്ഫൻ നഗരം നേരത്തെ തന്നെ അടച്ചിരുന്നു.