കോവളം: മത്സ്യബന്ധനം പുനരാരംഭിച്ച വിഴിഞ്ഞത്ത് മീൻ കച്ചവടത്തിന് മത്സ്യഫെഡ് ഏർപ്പെടുത്തിയ സംവിധാനത്തിൽ തുടക്കത്തിൽ തന്നെ കല്ലുകടി. മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീൻ അവർ നേരിട്ട് ലേലം ചെയ്ത് വിൽക്കുന്ന പരമ്പരാഗത വിപണന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇത് വലിയ ആൾക്കൂട്ടം സൃഷ്ടിക്കും എന്നതിനാൽ നിലവിലെ സാഹചര്യത്തിൽ അധികൃതർ അത് അനുവദിച്ചില്ല. പകരം പിടിച്ചുകൊണ്ടു വരുന്ന മീൻ മത്സ്യഫെഡ് തയാറാക്കുന്ന കൗണ്ടർ വഴി അവർ നിശ്ചയിക്കുന്ന അടിസ്ഥാന വിലയ്‌ക്കോ 10 ശതമാനം കൂട്ടിയോ നിശ്ചിത അകലം പാലിച്ചുകൊണ്ട് ടോക്കൺ എടുക്കുന്ന കച്ചവടക്കാർക്ക് മുൻഗണന അനുസരിച്ച് വിൽക്കുകയോ മത്സ്യഫെഡിന് നൽകാനോ നിർദ്ദേശിച്ചു. ഇത് സ്വീകാര്യമല്ലെന്ന് അറിയിച്ച മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്തെ മത്സ്യബന്ധനം താത്കാലികമായി നിറുത്തിവച്ചു. എന്നാൽ ഇന്നലെ പരമ്പരാഗതമായി രീതിയിൽ ലേലം ചെയ്ത് മത്സ്യവില്പന നടത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇതോടെ പൊലീസും ഉന്നത ഉദ്യോഗസ്ഥരും സംഭവത്തിൽ ഇടപെടുകയായിരുന്നു. ഡെപ്യൂട്ടി കളക്ടർമാരായ ജി.കെ. സരേഷ്, കെ. മോഹനകുമാർ, ഹാർബർ എൻജിനിയറിംഗ് ഇ.ഇ അനിൽകുമാർ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ മൺറോ, ഡെപ്യൂട്ടി ഡയറക്ടർ ബീനസുകുമാർ, ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായർ, മത്സ്യഫെഡ് ജില്ലാമാനേജർ അനിൽകുമാർ എന്നിവർ മത്സ്യത്തൊഴിലാളി പ്രതിനിധികളും ഇടവക ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് മത്സ്യഫെഡിന്റെ നേതൃത്വത്തിലുള്ള കൗണ്ടറുകൾ വഴി മത്സ്യവില്പന ആരംഭിച്ചതോടെയാണ് സംഘർഷാവസ്ഥ അവസാനിച്ചത്. സർക്കിൽ ഇൻസ്‌പെക്ടർമാരായ എസ്.ബി. പ്രവീൺ,അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു
ഫോട്ടോ... മത്സ്യവിപണനവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ ഉടലെടുത്ത വിഴിഞ്ഞത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇടവക ഭാരവാഹികളുമായി ചർച്ച നടത്തുന്നു.