കഴക്കൂട്ടം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് മത്സ്യവില ഉയർന്നതോടെ അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു. സാധാരണക്കാരന്റെ ആശ്രയമായ ചാളയും അയിലയും വൻവില കൊടുത്താലും കിട്ടാനില്ലാത്ത അവസ്ഥയാണ്. മാർച്ച് പകുതിക്ക് ശേഷം അയല, ചൂര തുടങ്ങിയ മത്സ്യങ്ങൾക്ക് 100 മുതൽ 150 രൂപ വരെ വില വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് ഭീതിയെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ മടിച്ചതോടെ മത്സ്യലഭ്യത കുറഞ്ഞതാണു വില വർദ്ധനയ്‌ക്ക് പ്രധാന കാരണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ ചീഞ്ഞ മത്സ്യങ്ങൾ വില്പനയ്ക്കെത്തിച്ചതോടെ പരിശോധന ശക്തമാക്കിയിരുന്നു. മത്സ്യബന്ധനത്തിനും കച്ചവടത്തിനും സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനായി മത്സ്യലേലം ഒഴിവാക്കി മത്സ്യഫെഡ് മുഖേന വിൽപ്പനയ്ക്കും സൗകര്യമൊരുക്കി. മത്സ്യബന്ധന കേന്ദ്രമായ മര്യനാട്ടു നിന്നാണ് കണിയാപുരം, പോത്തൻകോട്, കഴക്കൂട്ടം മേഖലകളിൽ മത്സ്യം വില്പനയ്ക്കെത്തിക്കുന്നത്. ഇവിടെയും വിഴിഞ്ഞം, കോവളം തുടങ്ങിയ സ്ഥലങ്ങളിലും മത്സ്യബന്ധനം കുറഞ്ഞത് വില വർദ്ധിക്കാൻ കാരണമായി. മത്സ്യലേലം നടക്കുന്ന കേന്ദ്രങ്ങളിൽ കൂടുതൽ ആളുകൾക്ക് വരാനും വിലപേശാനും പറ്റാത്തതിനാലാണ് വില കൂടുന്നും ആരോപണമുണ്ട്. നിലവിൽ മത്സ്യഫെഡിന്റെ സൊസൈറ്റികൾ വഴി മത്സ്യം തൂക്കിയാണ് ആവശ്യക്കാർക്ക് വിൽക്കുന്നത്. എന്നാൽ ഇത് ഫലപ്രദമല്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെയും ജനങ്ങളുടെയും പരാതി. നിയന്ത്രണങ്ങൾക്കിടെ മീൻ വില വർദ്ധിക്കുന്നത് അടുക്കള ബഡ്‌ജറ്റിന്റെ താളംതെറ്റിക്കുന്നുവെന്നാണ് വീട്ടമ്മമാർ പറയുന്നത്.

മര്യനാട്ടെ മീൻവില ( ഏകദേശം )

ചൂരയ്ക്ക് കിലോ - 270

അയലയ്ക്ക് - 400,

കൊഴിയാള - 300 രൂപ

കലവ - 250 രൂപ

നെമ്മീൻ - 900 രൂപ

വില വിർദ്ധനയ്‌ക്ക് കാരണം

 മത്സ്യബന്ധനം കുറഞ്ഞു

 ഹാർബറുകളിൽ ലേലമില്ല

 ലേലത്തുക ഇരട്ടിയായി

 മത്സ്യലഭ്യതയിൽ കുറവ്

 വിലനിയന്ത്രണം പാളി

മീനില്ലാതെ ചോറുകഴിക്കാത്ത മലയാളി

മലയാളിയുടെ ഭക്ഷണത്തിൽ പ്രധാനപെട്ട സ്ഥാനമാണ് മീനുള്ളത്. മത്സ്യവിഭവങ്ങൾ ഇല്ലാത്ത ഊണ് കഴിക്കാത്തവരാണ് ഭൂരിഭാഗവും. മത്സ്യപ്രേമികളായ മലയാളികൾ ലോക്ക് ഡൗൺ വന്നതോടെ മീനില്ലാതെ ഭക്ഷണം കഴിക്കേണ്ടിവന്നു. മീൻ കിട്ടണമെങ്കിൽ കൊടുക്കേണ്ടത് പൊന്നുവിലയും. പോക്കറ്റ് കീറിയാലും മീൻ കിട്ടിയേ തീരൂ എന്ന് നിർബന്ധമുള്ളവരുമുണ്ട്.

മത്സ്യഫെഡ് ഇടപെടൽ ഫലപ്രദമാക്കണം

എല്ലാം വിഭാഗം മത്സ്യത്തൊഴിലാളികൾക്കും കടലിൽ പോകാനുള്ള അവസരം സർക്കാർ ഒരുക്കണമെന്ന് മര്യനാട്ടെ ഇടവകയും മത്സ്യതൊഴിലാളികളുടെയും ആവശ്യം. നിലവിൽ അഞ്ച് പേർ പോകുന്ന വള്ളങ്ങൾക്ക് മാത്രമാണ് കടലിൽ പോകാൻ അനുമതി. ഫോർമാലിൻ കലർന്ന മത്സ്യം കണ്ടുപിടിക്കുന്നതിനുള്ള കിറ്റ് ലഭ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. മത്സ്യം കൂടുതലുള്ള സമയത്ത് അർഹമായ വില ലഭിക്കാത്തതും ബാക്കി നശിപ്പിച്ചുകളയുന്ന അവസ്ഥയുമുണ്ടാകുന്നുണ്ട്.