vvvvv

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടയിൽ ശ്രദ്ധ കിട്ടാതെ പോകുന്ന ഡയാലിസിസ് രോഗികൾക്ക് ആശ്വാസമേകാൻ ജില്ലാ പഞ്ചായത്ത് 'ആശ്വാസ്' പദ്ധതി തുടങ്ങുന്നു. ജില്ലയിലെ ഗ്രാമീണ മേഖലയിൽ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിക്കായി ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ രണ്ട് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് മേയ് 10നുമുമ്പ് ജില്ലാപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. വൃക്ക രോഗികൾക്ക് ഡയാലിസിസ് സൗജന്യമായാണ് ഈ പദ്ധതിയിലൂടെ നൽകുക.1420 രൂപ വരെ ചെലവുവരുന്ന ഡയാലിസിസിന് നെടുമങ്ങാട്, നെയ്യാറ്റിൻകര ജില്ലാ ആശുപത്രികളിൽ 500, 600 രൂപയാണ് നിലവിൽ ഈടാക്കുന്നത്. എന്നാൽ ആശ്വാസ് പദ്ധതി നിലവിൽ വരുമ്പോൾ ഡയാലിസിസ് പൂർണമായും സൗജന്യമാകും.

ആശ്വാസ് പദ്ധതി

പ്രകാരം ഒരു ഡയാലിസിസിന് 900 രൂപയാണ് ധനസഹായമായി പദ്ധതിയിലൂടെ ലഭിക്കുന്നത്. നെടുമങ്ങാട്, നെയ്യാറ്റിൻകര ആശുപത്രികളിൽ ഡയാലിസിസ് സജന്യമായി നടത്താനാകും. മറ്റുള്ള ആശുപത്രികളിൽ ഒരു വർഷം എത്ര ഡയാലിസിസ് നടത്തിയെന്ന് പരിശോധിച്ച് തുക അതത് ആശുപത്രികൾക്ക് ജില്ലാ പഞ്ചായത്ത് നൽകും. ഇതിനായി പ്രത്യേക ചികിത്സാ കാർഡ് ജില്ലാപഞ്ചായത്ത് നൽകും.


ആനുകൂല്യം ലഭിക്കാത്തവർ

സർക്കാ‌ർ ജീവനക്കാർ

സർവീസ് പെൻഷൻ വാങ്ങുന്നവർ
മൂന്ന് ലക്ഷത്തിന് മുകളിൽ വാ‌ർഷിക വരുമാനമുള്ളവർ
ഡയാലിസിസിനുവേണ്ടി കാരുണ്യ, മറ്റു സർക്കാർ സഹായം ലഭിക്കുന്നവർ


വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് ഓരോമാസവും ആവശ്യമായ മരുന്നുകൾ ജില്ലാപഞ്ചായത്തിന്റെ സ്നേഹം പാലിയേറ്റീവ് മെഡിക്കൽ സർവീസ് സൊസൈറ്റിയിലൂടെ സൗജന്യമായി ലഭിക്കും.


ഡയാലിസിസ് യൂണിറ്റുകൾ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ -11
നെയ്യാറ്റിൻകര ആശുപത്രിയിൽ - 25

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമേകുന്ന പദ്ധതിയിലേക്ക് രോഗവിവരങ്ങൾ ഉൾപ്പെടെ മേയ് പത്തിനകം അപേക്ഷ നൽകണം .
-വി.കെ.മധു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്