
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂരിൽ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരാണ്. കോഴിക്കോട്ട് ആരോഗ്യ പ്രവർത്തകയ്ക്കും മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കണ്ണൂർ ജില്ലക്കാരനാണ്. ഇരുവരും കേരളത്തിന് പുറത്തുനിന്ന് ട്രെയിനിൽ വന്നവരാണ്. മലപ്പുറം ജില്ലയിൽ നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുഞ്ഞ് ഇപ്പോൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കുഞ്ഞിന് രോഗബാധയുണ്ടായ സാഹചര്യം പരിശോധിച്ചുവരികയാണ്. ഗ്രീൻസോണായ കോട്ടയത്ത് പാലാ സ്വദേശിയായ പ്രവാസി വനിതയ്‌ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാടുള്ള ഒരാളുടെ ഫലം നെഗറ്റീവായി.