തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളിൽ നഗരത്തിലുണ്ടായ അനിയന്ത്രിതമായ വാഹനത്തിരക്ക് ഒഴിവാക്കാൻ പൊലീസ് നടപ്പാക്കിയ നിയന്ത്രണം ഫലം കണ്ടു. ആറിടത്തു മാത്രം പ്രവേശനമൊരുക്കി, ശേഷിച്ച വഴികളെല്ലാം അടച്ചതോടെ പൊലീസ് നടപ്പാക്കിയത് നഗരം അടച്ചുള്ള സുരക്ഷ. യാത്രാവിവരങ്ങൾ വ്യക്തമായി ചോദിച്ചറിഞ്ഞു മാത്രം പ്രവേശനം അനുവദിച്ചതോടെ ആവശ്യക്കാർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. രോഗവ്യാപനത്തിന്റെ സാദ്ധ്യത ഇല്ലാതാക്കുന്ന ക്രമീകരണങ്ങളാണ് പൊലീസ് നടത്തുന്നത്.

വെട്ടുറോഡ്, കുണ്ടമൺഭാഗം, പ്രാവച്ചമ്പലം, മരുതൂർ, മുക്കോല, വഴയില എന്നിവിടങ്ങളിലൂടെയാണ് വിവിധ മേഖലകളിൽ നിന്നെത്തുന്നവർക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിച്ചത്. എൻ.എച്ചിൽ നിന്നും വരുന്നവർക്ക് കഴക്കൂട്ടം വെട്ടുറോഡിലെ പരിശോധന പോയിന്റിലൂടെ മാത്രമേ നഗരത്തിൽ പ്രവേശിക്കാനാവൂ. ഇതിന് സമാന്തരമായുള്ള ചേങ്കോട്ടുകോണം സെന്റ് ആൻഡ്രൂസ് റോഡ് അടച്ചു.
നെടുമങ്ങാട്, കാച്ചാണി മേഖലയിൽ നിന്നു വരുന്നവർക്ക് വഴയിലയിലെത്തിയാലേ പ്രവേശനമുള്ളൂ. വെള്ളൈക്കടവിൽ നിന്നു വരുന്നവർ കുണ്ടമൺഭാഗത്തെ ചെക്കിംഗ് പോയിന്റ് കടന്നുവേണം നഗരത്തിലെത്താൻ. ഇതിനു സമാനമായി മറ്റു മേഖലകളിൽ നിന്നെത്തുന്നവരും പ്രത്യേകം ക്രമീകരിച്ച സ്‌ക്രീനിംഗ് പോയിന്റ് കടന്നുവേണം നഗരത്തിലെത്താൻ.

പൊതുജനങ്ങളുടെ സൗകര്യാർത്ഥം നിരവധി സേവനങ്ങളും ഇതിനോടകം ജില്ലയിൽ പൊലീസ് നടപ്പിലാക്കി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായും സ്വകാര്യ കമ്പനികളുമായും സഹകരിച്ചു 'ബ്ലൂ ടെലിമെഡ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആശുപത്രിയിലോട്ട് പോകേണ്ടുന്നവർക്ക് പൊലീസിനെ കാണിക്കാനുള്ള രേഖയും ഇതുവഴി ലഭ്യമാകും.112 എന്ന നമ്പരിൽ വിളിച്ചു രജിസ്റ്റർ ചെയ്താൽ ആവശ്യക്കാർക്ക് പൊലീസ് മരുന്ന് ശേഖരിച്ച് എത്തിച്ചുകൊടുക്കും.