തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും പ്രവർത്തിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദ്ദേശിച്ചു. ചുവപ്പ് സോണിലുള്ള ജില്ലകളിലും ഹോട്ട് സ്പോട്ടുകളിലും ഏറ്റവും കുറച്ച് ജീവനക്കാരെ വച്ച് സർക്കാരോഫീസുകൾ പ്രവർത്തിപ്പിക്കണം.

ചുവപ്പ് സോണും ഹോട്ട് സ്പോട്ടുമല്ലാത്ത മേഖലകളിൽ സർക്കാർ ഓഫീസുകളിൽ ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥർ 50 ശതമാനവും ഗ്രൂപ്പ് സി, ഡി ജീവനക്കാർ 33 ശതമാനവും ഹാജരാകണം. ശേഷിക്കുന്നവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. വകുപ്പ്തലവന്മാർ നിർദ്ദേശിച്ചാൽ മാത്രം ഇവർ ഓഫീസിലെത്തണം. അടിയന്തര ജോലികളോ കൊവിഡ് പ്രതിരോധപ്രവർത്തനമോ ഉണ്ടെങ്കിൽ ഗ്രൂപ്പ് ഡി ജീവനക്കാരെ ഓഫീസ് ജോലിക്ക് നിയോഗിച്ചാൽ മതി.

ജീവനക്കാരുടെ ഡ്യൂട്ടി ചാർട്ട് ഓഫീസ് തലവന്മാർ തയാറാക്കണം. ചുവപ്പ് സോണിലോ ഹോട്ട് സ്പോട്ടിലോ ആയാലും സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവ മറ്റ് മേഖലയിലെ സർക്കാർ ഓഫീസുകൾക്ക് നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കണം. പൊതുഗതാഗതം ഇല്ലാത്തതിനാൽ അതത് ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വേണം ഡ്യൂട്ടിചാർട്ട്. ആ ജില്ലക്കാരില്ലെങ്കിലേ തൊട്ടടുത്ത ജില്ലക്കാരെ നിയോഗിക്കാവൂ. രേഖകൾ ഹാജരാക്കുന്നതിനനുസരിച്ച് ഇത്തരം ഉദ്യോഗസ്ഥർക്ക് പൊലീസ് ജില്ലാന്തര യാത്രാനുമതി നൽകണം.

ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെ പരമാവധി ഒഴിവാക്കണം. ഇ-ഫയൽ പ്രോസസ് ചെയ്യുന്ന ജീവനക്കാരെല്ലാവരും ഐ.ടി വകുപ്പോ ബന്ധപ്പെട്ട അധികാരികളോ വഴി വി.പി.എൻ കണക്ടിവിറ്റി നേടണം. ഇ-ഓഫീസ് വഴിയുള്ള ഫയൽനീക്കം വകുപ്പ്മേധാവികൾ പരിശോധിച്ച്,​ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. അവശ്യസർവീസുകളിലെ ജീവനക്കാർ ദിവസവും ഓഫീസിലെത്തണം. നിയന്ത്രണങ്ങൾ അവർക്ക് ബാധകമല്ല.