മുംബയ്: മാദ്ധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബയിൽ വച്ച് ആക്രമണം നടന്നതായി ആരോപണം. ഇന്നലെ രാത്രി 10 മണിക്ക് നടന്ന ചാനൽ ചർച്ചകൾക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നത് എന്നാണ് അര്‍ണാബിന്‍റെ ആരോപണം. ഈ സമയത്ത് മോട്ടോർ ബൈക്ക് ഓടിച്ച രണ്ട് പേർ കാറിനെ ആക്രമിച്ചു.ആക്രമണകാരികൾ അർണാബ് ഗോസ്വാമിയുടെ കാറിന് മുന്നിൽ ബൈക്ക് ഇടിച്ചു നിർത്തിയെന്നാണ് റിപ്പബ്ലിക്ക് ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാറിന്‍റെ ചില്ലുകൾ തകർക്കാൻ അവർ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം നടത്തുകയും ചെയ്തെന്നും അർണാബ് പറയുന്നു. പിന്നീട് അക്രമികൾ കാറിന് മുകളിൽ കരി ഓയിൽ ഒഴിച്ചു രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അര്‍ണാബ് പറഞ്ഞു.ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് എന്നാണ് അര്‍ണാബ് ആരോപിക്കുന്നത്.
സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അർണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കും എന്നാണ് അര്‍ണാബ് പറയുന്നത്. ഇവരെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയാണ് ഇവരെ പ്രകോപിപ്പിക്കുന്നത് എന്നും അര്‍ണാബ് പറയുന്നു.