വയനാട്: ലോക്ക് ഡൗൺ ലംഘിച്ച് എക്സൈസ് സി.ഐയുടെ ഔദ്യോഗിക വാഹനത്തിൽ സംസ്ഥാന അതിർത്തി കടന്ന അദ്ധ്യാപികയ്ക്കെതിരെ കേസെടുക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. തിരുവനന്തപുരത്തെ ഒരു കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയാണ് ലോക്ക് ഡൗൺ ലംഘിച്ച് താമരശ്ശേരിയിൽ എത്തി മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി കർണാടകത്തിലേക്ക് കടന്നത്.
തിരുവനന്തപുരത്തെ ഒരു നർക്കോട്ടിക് ഡിവൈ.എസ്.പിയാണ് അദ്ധ്യാപികയ്ക്ക് യാത്രാ അനുമതി നൽകികൊണ്ടുള്ള പാസ് നൽകിയത്. എന്നാൽ ഇത് ക്രമവിരുദ്ധമായ നടപടി ആണെന്നാണ് പറയുന്നത്. ജില്ല വിട്ട് പോകണമെങ്കിൽ കളക്ടറാണ് അനുമതി പത്രം നൽകേണ്ടത്. തിരുവനന്തപുരത്ത് നിന്ന് എങ്ങനെ, ആരുടെ സഹായത്തിൽ, ഏതുവഴിയാണ് അദ്ധ്യാപിക താമരശ്ശേരിയിൽ എത്തിയ് എന്നും അന്വേഷിക്കും. താമരശ്ശേരിയിൽനിന്ന് ഒരു എക്സൈസ് സി.ഐയുടെ ഔദ്യോഗിക വാഹനത്തിലാണ് ഇവരെ അതിർത്തി കടത്തിയത്. സി.ഐക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. വയനാട് ജില്ലാ പൊലീസ് ചീഫ് ആർ. ഇളങ്കോവിനോട് അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദേശിച്ചു.
സംഭവം അന്വേഷിക്കുന്നതിനു വേണ്ടി കൽപ്പറ്റ ഡിവൈ.എസ്.പി ജോർജിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാർട്ടി നേതാക്കളുമായുള്ള ബന്ധം മുതലെടുത്താണ് അദ്ധ്യാപികയ്ക്ക് കേരളം കടക്കാൻ കഴിഞ്ഞതെന്നാണ് പറയുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ അദ്ധ്യാപിക കർണാടക അതിർത്തി കടന്ന സംഭവം വലിയ വിവാദമായി. പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കാനാണ് കളക്ടറുടെ നിർദ്ദേശം.
അദ്ധ്യാപികയെ വയനാട് ചുരം, മുത്തങ്ങ അതിർത്തികൾ കടക്കാൻ സഹായിച്ച കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ നർക്കോട്ടിക് ഡിവൈ.എസ്.പിയ്ക്കെതിരെയും നടപടി ഉണ്ടാവും.
കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി കർശന പരിശോധനകളാണ് അതിർത്തികളിൽ നിലവിലുള്ളത്. ഇതെല്ലാം ലംഘിച്ചാണ് അദ്ധ്യാപിക അതിർത്തി കടന്നത്. എക്‌സൈസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയാണ് വാഹനത്തിന് സമീപം എത്തിച്ചതെന്നാണ് അറിയുന്നത്. കർണാടകയിലെ ഉദ്യോഗസ്ഥരാകട്ടെ ഇവരെ തടയാൻ തയ്യാറായതുമില്ല. ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു അദ്ധ്യാപിക എന്നാണ് പറയുന്നത്. ലോക്ക് ഡൗൺ നിലനിൽക്കെയാണ് ഇത്രയധികം സംസ്ഥാനങ്ങൾ താണ്ടി ഡൽഹിയിലേക്ക് അദ്ധ്യാപിക യാത്ര തിരിച്ചതെന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തിൽ കുറ്റവാളികളെന്ന് കണ്ടെത്തുന്നവരിൽ എത്ര ഉന്നതരുണ്ടായാലും നടപടി ഉറപ്പാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.