mosque

ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബൂളിലെ ഒരു പള്ളിയിലെ പ്രവേശന കവാടം. വിശ്വാസികളുടെ ചെരുപ്പുകൾ നിരത്തി വച്ചിരുന്ന റാക്കുകൾക്ക് പകരം ഇന്ന് ഇവിടെ പാസ്തയുടെയും ബിസ്ക്കറ്റുകളുടെയും പായ്ക്കറ്റുകളും എണ്ണക്കുപ്പികളും കാണാം. ഒരു സൂപ്പർമാർക്കറ്റിലേതു പോലെ. ഇവ വില്പനയ്ക്കുള്ളതല്ല. പകരം, കൊവിഡ് നിയന്ത്രണങ്ങൾ കാരണം ആഹാരത്തിന് വക കണ്ടെത്താനാകാത്ത സാധാരണക്കാർക്ക് സൗജന്യമായുള്ളതാണ്. പള്ളിയുടെ ജനാലയിൽ ഒരു നോട്ടീസ് ബോർഡ് കാണാം. ആർക്കും ഇവിടെ എന്തും സംഭാവന നൽകാം. അതുപോലെ തന്നെ ആവശ്യമുള്ളവർക്കെല്ലാം ഇവിടെ നിന്നും എന്ത് വേണമെങ്കിലും എടുക്കുകയും ചെയ്യാം.

സാരിയർ ജില്ലയിലെ ദാദെമൻ മസ്ജിദിലെ അബ്ദുൾസമേത് കാകിർ എന്ന 33 കാരനായ ഇമാമാണ് ഇങ്ങനെയൊരു ആശയവുമായി മുന്നോട്ടെത്തിയത്. നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ തുർക്കിയിലെ ആരാധനാലയങ്ങളിൽ പ്രാർത്ഥനാചടങ്ങുകൾ ഒഴിവാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ ആരാധനാലയത്തിലൂടെ സാധാരണക്കാർക്ക് കൈത്താങ്ങാകാനാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചതെന്ന് ഇമാം പറയുന്നു.

mosque

യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് തുർക്കിയിലാണ്. 98,674 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,378 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇസ്താംബുൾ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഇന്ന് മുതൽ നാല് ദിവത്തേക്ക് പൂർണ ലോക്ക്ഡൗണിലേക്ക് കടക്കുകയാണ്.

'പ്രാർത്ഥനകൾ നിറുത്തി വച്ചതോടെയാണ് സമ്പന്നരെയും സാധാരണക്കാരെയും ബന്ധിപ്പിച്ചു കൊണ്ട് തങ്ങളുടെ പള്ളിയെ ഈ ദുരിതകാലത്ത് പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്.കൊവിഡ് വന്നതോടെ എല്ലാവരും ദുരിതത്തിലാണ്. നമ്മളാൽ കഴിയുന്ന തരത്തിൽ എങ്ങനെയൊക്കെ നമ്മുടെ സഹോദരരെ സഹായിക്കാമെന്നാണ് ആലോചിക്കേണ്ടത് '- ഇമാം പറയുന്നു.

പള്ളിയ്ക്കുള്ളിൽ ഇപ്പോൾ ഭക്ഷണ സാമഗ്രികളുടെയും ശുചീകരണ ഉത്പന്നങ്ങളുടെയും ഒരു വലിയ സ്റ്റോക്ക് തന്നെ അടുക്കി വച്ചിരിക്കുന്നത് കാണാം. ഇമാം തന്നെയാണ് ഇവയെല്ലാം പുറത്തെ റാക്കുകളിൽ അടുക്കി വയ്ക്കുന്നത്. ഓട്ടോമൻ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന ' ചാരിറ്റി സ്റ്റോൺ ' എന്ന സംസ്കാരമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് തനിക്ക് പ്രചോദനമായതെന്ന് ഇമാം പറയുന്നു. ഓട്ടോമൻ കാലഘട്ടത്തിൽ സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഒരു ചെറിയ കൽത്തൂൺ കാണാമായിരുന്നു. സമ്പന്നർക്ക് പണമോ ഭക്ഷ്യവസ്തുക്കളോ ഈ കൽത്തൂണുകൾക്ക് മുകളിലുള്ള പൊത്തിൽ നിക്ഷേപിയ്ക്കാമായിരുന്നു. പാവപ്പെട്ടവർക്ക് ഇത് വളരെ ഉപകാരമായിരുന്നു.

സാധാരണക്കാരും ഉയർന്ന ജീവിത നിലവാരം പുലർത്തുന്നവരും തമ്മിൽ മാനുഷികമായൊരു ബന്ധം ഇതിലൂടെ സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. കൊവിഡിന് മുമ്പും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിലുള്ളയാളാണ് അബ്ദുൾസമേത് കാകിർ. ഇത് കൂടാതെ പള്ളിയുടെ ഭിത്തിയിൽ ഒരു ലിസ്റ്റും കാണാം. എന്തെങ്കിലും തരത്തിലുള്ള സഹായം വേണ്ടുന്നവർ ഇവിടെ തങ്ങളുടെ പേരും ഫോൺനമ്പറും കുറിച്ചിട്ടാൽ മാത്രം മതി. ഈ ലിസ്റ്റിലുള്ളവർ സഹായത്തിന് അർഹതപ്പെട്ടവർ തന്നെയാണോ എന്ന് പ്രാദേശിക ഭരണകൂടം പരിശോധിച്ച ശേഷം അവരെ വോളന്റിയർമാർ പള്ളിയിലേക്ക് ക്ഷണിക്കും. അവരുടെ ആവശ്യമെന്താണോ അത് പള്ളിയിൽ നിന്ന് ലഭിക്കുകയും ചെയ്യും.

ഈ ലിസ്റ്റിൽ ഇപ്പോൾ 900ത്തിലധികം ആളുകൾ ഭാഗമായിക്കഴിഞ്ഞു. രണ്ടാഴ്ചയായി പള്ളിയിൽ സന്നദ്ധപ്രവർത്തനങ്ങൾ തുടങ്ങിയിട്ട്. ഏകദേശം 120 ഓളം പേർക്കാണ് ദിനംപ്രതി ഇവിടെ നിന്നും സഹായം ലഭിക്കുന്നത്. ഒരു സമയം രണ്ട് പേർ മാത്രമേ പള്ളിയിലേക്ക് ഭക്ഷണസാധനങ്ങൾ സ്വീകരിക്കാൻ കടക്കാൻ പാടുള്ളു. മറ്റുള്ളവർക്ക് അകലം പാലിച്ച് പുറത്ത് നില്ക്കാം. എല്ലാവരും മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇപ്പോൾ പള്ളിയിലേക്ക് ഭക്ഷ്യ വസ്തുക്കളുടെ രൂപത്തിൽ സംഭാവന ലഭിക്കുന്നുണ്ട്.