hotspot-

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുൾപ്പടെയുള്ള ഹോട്സ്പോട്ടുകൾ വാർഡ് അടിസ്ഥാനത്തിൽ ചുരുക്കും. ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടാകും. അതേസമയം റെഡ് സോണിൽപ്പെട്ട നാല് ജില്ലകളിൽ ഇളവുണ്ടാകില്ല. തിരുവനന്തപുരം നഗരസഭയിൽ അമ്പലത്തറ വാർഡിൽപ്പെട്ട ഒരു രോഗി മാത്രമാണ് ചികിത്സയിലുള്ളത്. സർക്കാർ ഓഫീസുകളും പ്രധാന വാണിജ്യ സ്ഥാപനങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്ന നഗരസഭ പരിധി മുഴുവനായും ഹോട്സ്പോട്ടായി നിലനിർത്തേണ്ടതില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട്.

കണ്ണൂരില്‍ കര്‍ശനനിയന്ത്രണം തുടരുകയാണ്. ഹോട്സ്പോട്ടുകളില്‍ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. ജില്ലയില്‍ കൂടുതല്‍ പൊലീസെത്തി. ഒരു വാര്‍ഡില്‍ ഒരു കട മാത്രം അനുവദിക്കും. മെഡിക്കല്‍ ഷോപ്പുകളുടെ എണ്ണവും കുറച്ചു.

രോഗികളില്ലാത്ത പുനലൂർ മുൻസിപ്പാലിറ്റിയെ ഒഴിവാക്കണമെന്ന് കൊല്ലം കളക്ടറും ഉന്നതതല യോഗത്തിൽ ആവശ്യപ്പെട്ടു. ഇതേ നിലപാട് സ്വീകരിച്ച എറണാകുളം കളക്ടർ കൊച്ചി കോർപറേഷനിൽ ചുള്ളിക്കൽ, കത്രിക്കടവ് ഡിവിഷനുകളെ മാത്രം ഹോട്സ് പോട്ടുകളായി നിജപ്പെടുത്തിയിരുന്നു. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഹോട്സ്പോട്ടുകൾ വാർഡടിസ്ഥാനത്തിൽ ചുരുക്കണമെന്നാണ് ആവശ്യമുയർന്നത്.

വിഡിയോ കോൺഫറൻസിൽ കളക്ടർമാരുടെ നിലപാടിനോട് യോജിച്ച ചീഫ് സെക്രട്ടറിയുൾപ്പെട്ട ഉന്നതലസമിതി തീരുമാനം സർക്കാരിന് വിട്ടു. നാളെ ഓറഞ്ച് എ സോണിൽപ്പെട്ട ജില്ലകളിൽ ഇളവുകൾ വരുന്നതോടൊപ്പം ഹോട്സ്പോട്ടുകളായ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മാറ്റം നിലവിൽ വന്നേക്കും.

കോഴിക്കോട് കോർപറേഷനെ ഹോട്സ്പോട്ട് പരിധിയിൽ നിലനിർത്തണമെന്നാണ് കളക്ടറുടെ റിപ്പോർട്ട്. ഏഴു വാർഡുകളിൽ അതീവ കരുതൽ വേണമെന്നതിനാലാണിത്. നിലവിൽ 70 തദ്ദേശ സ്ഥാപനങ്ങളാണ് ഹോട് സ്പോട്ട് പട്ടികയിലുള്ളത്.