doctor

ഭോപാല്‍: മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും പൊലീസ് ഓഫീസര്‍ക്കും നേരെ മര്‍ദ്ദനം. കൊവിഡ് സാദ്ധ്യതയുള്ളയാളെ പരിശോധിക്കാന്‍ ചെന്നപ്പോഴാണ് ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷാനടപടികളുണ്ടാകുമെന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രവര്‍ത്തകനെയും പൊലീസ് ഓഫീസറെയും മര്‍ദ്ദിച്ചത്.

ഗോപാല്‍ എന്നയാളെ പരിശോധിക്കാനാണ് ഇവരെത്തിയത്. പക്ഷേ ഗോപാലിന്‍റെ കുടുംബം പരിശോധനയ്ക്ക് അനുവദിച്ചില്ല. ഡോക്ടറോട് വീട്ടില്‍ നിന്ന് പോകാനും ആവശ്യപ്പെട്ടു. അതോടെ ഡോക്ടര്‍ പൊലീസിന്‍റെ സഹായം തേടി. ഡോക്ടര്‍ പൊലീസ് ഓഫീസറുമായി തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഗോപാലിന്‍റെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണ് ഇത്. ഡോക്ടര്‍, പൊലീസ് ഓഫീസര്‍ എന്നിവര്‍ക്ക് പുറമെ ശുചീകരണ തൊഴിലാളിയും ആക്രമിക്കപ്പെട്ടിരുന്നു.