house

വെഞ്ഞാറമൂട്: മാനത്ത് കാർമേഘം കറുത്താൽ പത്മകുമാരി അമ്മയുടെ മനസ് പിടയും. 'വരാൻ പോകുന്നത് മഴക്കാലമാണ് നനയാതെ കിടക്കണം' ഇടിഞ്ഞുവീഴാറായ കൂരയ്ക്കുള്ളിലിരുന്നു വൃദ്ധ പറഞ്ഞു. നെല്ലനാട് ഗ്രാമകാന്തലക്കോണം വള്ളിക്കാട് ചരുവിള പുത്തൻവീട്ടിൽ 75 വയസുള്ള പത്മകുമാരി അമ്മയാണ് ഒറ്റയ്ക്ക് ഭാഗികമായി തകർന്ന വീടിനുള്ളിൽ കഴിയുന്നത്. ഭർത്താവ് പ്രഭാകരൻ പിള്ള മരിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞു. മക്കളില്ല. കുറച്ചു പൂച്ചക8 മാത്രമാണ് ഇപ്പോൾ കൂട്ട്.

15 സെന്റ് വസ്തുവുണ്ട്. അമ്മ വഴി വർഷങ്ങൾക്ക് മുൻപ് ലഭിച്ചതാണ് ഈ വസ്തു. കൃത്യമായ രേഖകൾ ഇല്ലാതിരുന്നതിനാൽ വില്ലേജ് ഓഫിസിൽ നിന്നും നികുതി അടച്ചു കിട്ടിയിരുന്നില്ല. പഞ്ചായത്തിൽ രണ്ടു തവണ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ വാർഡ് മെമ്പർ മുഖേന നൽകി. എന്നാൽ രേഖകൾ പൂർണമല്ലാത്തതിനാൽ അപേക്ഷകൾ പരിഗണിച്ചില്ല. പൈസ ഇല്ലാത്തതിനാൽ വസ്തുവിൽ നിന്ന മരങ്ങൾ വിറ്റാണ് ഇപ്പോൾ വസ്തുവിന്റെ രേഖകൾ ശരിയാക്കിയത്. ഇതിനിടയിൽ കഴിഞ്ഞ വർഷം മഴയത്ത് ഓട് മേഞ്ഞ ഇവരുടെ വീടിന്റെ മുൻഭാഗം തകർന്നു വീണു . ഇപ്പോൾ അടുക്കള ഭാഗത്താണ് രാത്രിയും പകലുമൊക്കെ കഴിച്ചു കൂട്ടുന്നത്.

യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് വീട്ടിൽ തന്നെ കഴിയുകയാണ് ഈ വൃദ്ധ. നേരത്തെ ഒറ്റയ്ക്ക് തന്നെ ഭക്ഷണം പാചകം ചെയ്തു കഴിക്കുമായിരുന്നു. അവശ നിലയിലായ ശേഷം അയൽവാസികൾ റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടു കൊടുക്കുകയും ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ കാരുണ്യത്തിലാണ് ഇപ്പോൾ ഇവരുടെ ജീവിതം.