arrested

ആലപ്പുഴ: ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. കറ്റാനം സ്വദേശി സതീഷാണ് വള്ളിക്കുന്നം പൊലീസിന്റെ പിടിയിലായത്. മറ്റുപ്രതികൾക്കുവേണ്ടി അന്വേഷണം തുടരുകയാണ്.

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈൽ ഹസന് കഴിഞ്ഞദിവസമാണ് ആക്രമണത്തിൽ പരിക്കേറ്റത്. കറ്റാനം മങ്ങാരത്ത് വച്ച് ബൈക്കിലെത്തിയ മുഖംമൂടിസംഘം സുഹൈലിനെ കഴുത്തിന് വെട്ടുകയായിരുന്നു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഹൈലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സുഹൈൽ അപകട നില തരണം ചെയ്‍തു.

ആക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും അവരെ പൊലീസ് സംരക്ഷിക്കുകയാണെന്നുമാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.