boat

വാഷിംഗ്ടൺ: ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കൻ കപ്പലുകൾക്കുനേരെ അക്രമണമുണ്ടായാൽ ഇറാന്റെ എല്ലാ ഗൺബോട്ടുകളും തകർക്കാൻ നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഞങ്ങളുടെ കപ്പലുകളെ ഉപദ്രവിച്ചാൽ എല്ലാ ഇറാനിയൻ ഗൺബോട്ടുകളും വെടിവച്ചിടുകയും തകർക്കുകയും ചെയ്യാൻ നാവികസേനക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നാണ് ട്രംപിന്റെ ട്വീറ്റ്. ഒരാഴ്ചമുമ്പ് ഇറാൻ നാവികസേനയുടെ 11 കപ്പലുകൾ ഗൾഫ് മേഖലയിലുള്ള അമേരിക്കൻ നാവികസേനയുടേയും കോസ്റ്റ്ഗാർഡിന്റെയും കപ്പലുകൾക്ക് സമീപം എത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.

അപകടകരവും പ്രകോപനപരവുമാണെന്നാണ് ഇതിനെക്കുറിച്ച് അമേരിക്കൻ സൈന്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി ട്വീറ്റ് വന്നിരിക്കുന്നത്. ട്വീറ്റ് പുറത്തുവന്ന് അല്പം കഴിഞ്ഞപ്പോൾ വൈറ്റ്ഹൗസിൽ ട്രംപ് ഇക്കാര്യം പ്രസ്താവിക്കുകയും ചെയ്തു. അതേസമയം മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിന് പകരം കൊവിഡ് വൈറസിൽ നിന്ന് തങ്ങളുടെ സൈന്യത്തെ രക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് ഇറാൻ സൈനിക വക്താണ് ട്രംപിന്റെ ട്വീറ്റിനോട് പ്രതികരിച്ചത്.