തിരുവനന്തപുരം: കൊവിഡ് ഹോട്ട് സ്പോട്ടായി തുടരുന്ന തിരുവനന്തപുരം നഗരത്തിൽ പൊലീസ് നിരീക്ഷണവും പരിശോധനയും തുടരുന്നു. നഗരാതിർത്തികളിലും നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും രാവിലെ തന്നെ റോഡുകൾ അടച്ച് വാഹന പരിശോധന പൊലീസ് ശക്തമാക്കി. ആശുപത്രി ആവശ്യവുമായി വരുന്ന അത്യാവശ്യ യാത്രക്കാരെയും സർക്കാർ ഓഫീസുകളിലേക്ക് പോകുന്നവരെയും മാത്രമാണ് യാത്രചെയ്യാൻ അനുവദിക്കുന്നത്. യാത്രക്കാർക്ക് മാസ്കും നിർബന്ധമാക്കിയിട്ടുണ്ട്.
മാസ്കോ തൂവാലയോ ഉപയോഗിച്ച് മുഖം മറച്ചല്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചിരിക്കുകയാണ്. കൊവിഡ് -19 സന്നദ്ധ പ്രവർത്തകരെന്ന പേരിൽ യുവാക്കളിൽ ഒരുവിഭാഗം അനാവശ്യമായി കറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടാനും പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ നഗര അതിർത്തിയായ കാച്ചാണി, വെള്ളയിൽക്കടവ്, വഴയില, മണ്ണന്തല , കഴക്കൂട്ടം, പാപ്പനംകോട് എന്നിവിടങ്ങളിലെല്ലാം മുഴുവൻ വാഹനങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സത്യവാങ്മൂലമില്ലാതെയും മാസ്കോ തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കാതെയുമെത്തുന്നവരെയെല്ലാം പൊലീസ് പിടികൂടുന്നുണ്ട്.
പരിശോധന കർശനമാക്കിയതോടെ ബൈപ്പാസിലും ദേശീയ പാതയിലും നഗരത്തിലെ മറ്റ് റോഡുകളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നഗരസഭാ പരിധിയൊഴികെയുള്ള സ്ഥലങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നൊഴിവാക്കിയെങ്കിലും ജില്ലയിലാകമാനം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മുമ്പത്തേതുപോലെ കർശനമായി തുടരുകയാണ്. വർക്കല നഗരസഭയെയും മലയിൻകീഴ് പഞ്ചായത്തിനെയും ഹോട്ട് സ്പോട്ടിൽ നിന്നൊഴിവാക്കിയെങ്കിലും ഇവിടങ്ങളിലും നിയന്ത്രണങ്ങൾക്ക് പൊലീസും ആരോഗ്യ വകുപ്പും ഇളവ് അനുവദിച്ചിട്ടില്ല. ആളുകൾ കൂട്ടം കൂടുന്നതും സാമൂഹ്യഅകലം പാലിക്കാത്തതും പരിശോധിക്കാൻ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം പൊലീസിന്റെ നിരീക്ഷണം ശക്തമാണ്. മണക്കാട്ടെ കൊവിഡ് കേസിനെ തുടർന്നാണ് തിരുവനന്തപുരം നഗരം ഹോട്ട് സ്പോട്ടായത്. നഗരത്തിൽ ഇപ്പോഴും ചിലർ നിരീക്ഷണത്തിൽ തുടരുന്നതിനാൽ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്ന് തലസ്ഥാനനഗരത്തെ എപ്പോൾ ഒഴിവാക്കുമെന്ന് വ്യക്തമായിട്ടില്ല.