തിരുവനന്തപുരം: കൊവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുകയല്ല മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഒരു സ്വകാര്യചാനൽ ചർച്ചയിലാണ് ധനമന്ത്രി ഇങ്ങനെ പറഞ്ഞത്. എല്ലാ ബത്തയും ചേർന്ന ഗ്രോസ് സാലറിയാണ് മാറ്റിവയ്ക്കുന്നത്. ശമ്പളം പിടിക്കുന്ന കാര്യത്തിൽ ചിലരെ ഒഴിവാക്കുന്നതിന് പരിമിതികളുണ്ട്. ഒരു വിഭാഗത്തെ ഒഴിവാക്കിയാൽ മറ്റുവിഭാഗങ്ങളെയും പരിഗണിക്കേണ്ടി വരും- മന്ത്രി പറഞ്ഞു.
ഇന്നലെയാണ് സാലറി ചലഞ്ചിന് ബദലായി എല്ലാ വിഭാഗം ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം അഞ്ചുതവണകളായി പിടിക്കാൻ തീരുമാനിച്ചത്.സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ഇത് തിരിച്ചുനൽകാനും നിർദ്ദേശമുണ്ട്. എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്താൽ ഒരുമാസം 700കോടിവരെ സർക്കാരിന് ലാഭിക്കാം.അഞ്ചുമാസം കൊണ്ട് 3500കോടി. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിനായി മാത്രം മാസം 2450 കോടി രൂപയാണ് വേണ്ടത്.