വാഷിംഗ്ടൺ: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിദേശികളുടെ കുടിയേറ്റം അമേരിക്ക താൽക്കാലിമായി വിലക്കി. കുടിയേറ്റ വിലക്ക് ഉത്തരവിൽ ഒപ്പിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇപ്പോൾ 60 ദിവസത്തേക്കാണ് വിലക്ക്. കൊവിഡിന്റെ വ്യാപനമനുസരിച്ച് പുതിയ ഉത്തരവ് നീട്ടുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
കൊവിഡ് ഭീതിയൊഴിഞ്ഞ് രാജ്യം വീണ്ടും സജീവമാകുമ്പോൾ എല്ലാ മേഖലയിലും അമേരിക്കക്കാർക്ക് മുൻഗണന ലഭിക്കുന്നതിനാണ് പുതിയ നടപടി. കൊവിഡ്മൂലം ഇപ്പോൾത്തന്നെ അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കുടിയേറ്റ നിരോധനം നടപ്പാക്കുമെന്നുപറഞ്ഞ ട്രംപ് വാണിജ്യമേഖലയുടെ എതിർപ്പിനെ തുടർന്ന് നിലപാട് തിരുത്തിയിരുന്നു.
കുടിയേറ്റ നിരോധന നിയമം നടപ്പാക്കില്ലെന്നും പകരം ഗ്രീൻ കാർഡ് നൽകുന്നതിന് അറുപതു ദിവസത്തെ വിലക്കേർപ്പെടുത്തുക മാത്രമാണ് ചെയ്യുകയെന്നാണ് ട്രംപ് ഇന്നലെ പറഞ്ഞത്. വാണിജ്യമേഖലയുടെ കടുത്ത എതിർപ്പിനെതുടർന്നാണ് തീരുമാനം. കുടിയേറ്റക്കാരെ പുറത്താക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നായിരുന്നു വാണിജ്യമേഖലുയുടെ മുന്നറിയിപ്പ്.