തിരുവനന്തപുരം: ലോക്ക് ഡൗൺ കഴിഞ്ഞ് ഓടിത്തുടങ്ങേണ്ടി വരുമ്പോഴുള്ള നഷ്‍ടം ഒഴിവാക്കാൻ സ്വകാര്യ ബസുടമകൾ താൽക്കാലികമായി സർവീസ് അവസാനിപ്പിക്കാനുള്ള ജി ഫോം പൂരിപ്പിച്ചു നൽകുന്നുവെന്ന് റിപ്പോർട്ട്. ഗതാഗതവകുപ്പിന്റെ അനുമതിയോടെ ബസുകൾ കയറ്റിയിടുന്നതിനുള്ള ജി ഫോം അപേക്ഷയാണ് ഉടമകൾ നൽകിത്തുടങ്ങിയത്.
സംസ്ഥാനത്ത് 12,000ഓളം സ്വകാര്യബസുകളുള്ളതിൽ 5000ത്തിൽ അധികവും ഇപ്പോൾത്തന്നെ ജി ഫോം അപേക്ഷകൾ നൽകിക്കഴിഞ്ഞുവത്രേ. ലോക്ക്ഡൗണായതിനാൽ മോട്ടോർ വാഹനവകുപ്പിന്റെ ഓഫീസുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ഓഫീസുകളുടെ മുന്നിൽ വച്ചിരിക്കുന്ന പെട്ടികളിലാണ് ഉടമകൾ അപേക്ഷയും പണമടച്ചതിന്റെ രേഖയും കൊണ്ടിടുന്നത്.
ജി ഫോം നൽകിയാൽ മൂന്നുമാസത്തേക്കോ ഒരുകൊല്ലത്തേക്കോ ബസുകൾ സർവീസ് നടത്താതെ കയറ്റിയിടാം. ഈ കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഉടമയ്ക്ക് ജി ഫോം പിൻവലിച്ച് ബസുകൾ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാലും പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും എന്നതിനാലാണ് സർവീസുകൾ താൽക്കാലികമായി നിറുത്താൻ ഉടമകൾ തീരുമാനിക്കുന്നത്. സീറ്റ് ശേഷിയുടെ പകുതിപേരെ മാത്രമേ ബസുകളിൽ അനുവദിക്കാൻ സാധ്യതയുള്ളൂ. നിന്നുകൊണ്ടുള്ള യാത്രയ്ക്കും വിലക്ക് വന്നേക്കാം. ഇത്തരമൊരു സാഹചര്യത്തിൽ ബസുകൾ ഓടിച്ചാൽ വൻ നഷ്ടമുണ്ടാക്കും എന്നാണ് ബസ് ഉടമകൾ പറയുന്നത്. ക്ഷേമനിധിയിൽനിന്ന് ബസ് ജീവനക്കാർക്ക് സർക്കാർ 5000 രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ക്ഷേമനിധിയിൽ അംഗമല്ലാത്ത ജീവനക്കാരുടെ എണ്ണം കൂടുതലാണ്.നഷ്ടം വരാതെ ബസ് സർവീസ് നടത്താൻ സാധിക്കുന്ന വിധത്തിൽ പാക്കേജ് സർക്കാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ബസ് കയറ്റിയിടുന്നതെന്നാണ് ഉടമകൾ പറയുന്നത്.