1

കുളത്തൂർ: ലോകം മഹാമാരിയിൽ വലയുമ്പോൾ സന്നദ്ധപ്രവർത്തനങ്ങളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മാതൃകയായി ' സന്നദ്ധം സജീവം ' കൂട്ടായ്‌മ. നഗരസഭയിലെ കുളത്തൂർ വാർഡ് കൗൺസിലർ ശിവദത്തിന്റെ നേതൃത്വത്തിലാണ് കൂട്ടായ്‌മയുടെ പ്രവർത്തനം. അന്യ സംസ്ഥാനത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വാർഡിൽ അവരെ സ്നേഹത്തിന്റെ കരുതലോടെ ചേർത്തുപിടിക്കുന്ന പ്രവർത്തനങ്ങളാണ് സന്നദ്ധം സജീവം കൂട്ടായ്‌മയുടെ പ്രത്യേകത. ടെക്കികൾ അധികമായി താമസിക്കുന്ന ഇവിടങ്ങളിൽ ലോക്ക് ഡൗണിനെ തുടർന്ന് ലോഡ്‌ജുകളിലും ഹോസ്റ്റലുകളിലും അകപ്പെട്ടവർക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള കിടപ്പ് രോഗികൾക്ക് ഉൾപ്പെടെ കൂട്ടായ്‌മ സൗജന്യമായി ഭക്ഷണം വീടുകളിലെത്തിക്കുന്നുണ്ട്. കൊവിഡ്19 വ്യാപനവുമായി ബന്ധപ്പെട്ട് ഭീഷണി നേരിടുന്ന വൃദ്ധർ, വിവിധ രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, ഭിന്നശേഷിക്കാർ എന്നിവർക്കായി നഗരസഭ തുടങ്ങിയ ഹെൽപ്പ് ഡെസ്‌കിന്റെ സഹായത്തോടെ സന്നദ്ധം സജീവം അംഗങ്ങൾ പ്രവർത്തനങ്ങളിൽ സജീവമാണ്.