covid-

കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച പാലാ കടനാട് സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞമാസം 20 നാണ് കോട്ടയം കടനാട് സ്വദേശിയായ 65 കാരി ഓസ്ട്രേലിയയിൽ നിന്ന് ഡൽഹിയിലെത്തിയത്.അവിടെ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം റോഡ് മാർഗം 7 സംസ്ഥാനങ്ങൾ പിന്നിട്ട് ഈ മാസം 16ന് കമ്പംമേട്ടിലെത്തി. ഇവിടെവച്ച് പൊലീസ് തടഞ്ഞു.തുടർന്ന് ഇടുക്കിയിലെ കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലാക്കി.ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് 65 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് ഇവരെ ഇന്ന് പുലർച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകായിരുന്നു.

ബന്ധുക്കളുടെ ആവശ്യംകൂടി പരിഗണിച്ചാണ് ഇവരെ കോട്ടയത്തേക്ക് മാറ്റിയത്.ഇവർക്കൊപ്പമുണ്ടായിരുന്ന 71 കാരനായ ഭർത്താവിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. മെൽബണിൽ നിന്ന് ഡൽഹിയിലെത്തിയ ഇരുവരും ഒരു പൊലീസുകാരന്റെ സഹായത്തോടെയാണ് ടാക്സി കാറിൽ കമ്പംമേട് വരെയെത്തിയത്.ഇയാളോട് നിരീക്ഷണത്തിൽ കഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ അന്ന് തന്നെ ഡൽഹിയിലേയ്ക്ക് മടങ്ങി.രാജ്യം സമ്പൂർണ അടച്ചിടലിൽ തുടരുമ്പോൾ 7 സംസ്ഥാനങ്ങൾ കടന്ന് കമ്പംമേട് വരെയുള്ള ഇവരുടെ യാത്രയും ദുരൂഹമാണ്.

ബ്രെഡും വെള്ളവും മാത്രം കഴിച്ച് ഡൽഹിയിൽ നിന്ന് യാത്ര

ഓസ്ട്രേലിയയിൽ നിന്ന് എത്തിയ പാലാ സ്വദേശി 65 കാരിക്ക് കോവിഡ് -19 സ്ഥിരീകരിച്ചതോടെ രോഗികൾ ആരുമില്ലാത്ത കോട്ടയം, കോവിഡ് ബാധിതരുടെ ലിസ്റ്റിൽ വീണ്ടും സ്ഥാനം പിടിച്ചു. ഇടുക്കി നെടുങ്കണ്ടത്തുനിന്നും ഇന്ന് പുലർച്ചെയാണ് ആരോഗ്യവകുപ്പിന്റെ ആബുലൻസിൽ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. 71കാരനായ ഭർത്താവിന് കോവിഡ് ബാധയില്ല. എങ്കിലും നിരീക്ഷണത്തിനായി നെടുങ്കണ്ടത്ത് വീട്ടിൽ നിരീക്ഷണത്തിലാക്കി.

മാർച്ച് 21നാണ് ഇവർ ഓസ്ട്രേലിയയിൽ നിന്നും ഡൽഹി എയർപോർട്ടിൽ ഇറങ്ങിയത്. അവിടെ സ്വയം നിരീക്ഷണത്തിലായിരുന്നു. പാലായിലുള്ള വീട്ടിലേക്ക് പോരുന്നതിനിടയിൽ കമ്പംമേട്ടിൽ വച്ച് ഏപ്രിൽ 17ന് ആരോഗ്യവകുപ്പും പൊലീസും ചേർന്ന് പിടികൂടി പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് വീട്ടമ്മയ്ക്ക് കോവിഡ് ബാധ പിടിപെട്ടതായി അറിയുന്നത്. മൂന്നു ദിവസം കൊണ്ടാണ് ഇവർ കാറിൽ കമ്പംമേട്ടിലെത്തിയത്. മൂന്ന് ദിവസവും ബ്രെഡും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. ഡൽഹിയിൽ താമസിക്കുമ്പോഴും യാത്രക്കിടയിലും മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ഇവർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പൊലീസിനോടും വ്യക്തമാക്കിയിരുന്നു.