koala

കാൻബെറ: ഓസ്ട്രേലിയയിലെ കാട്ടുതീയിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴി‌ഞ്ഞിരുന്ന കൊവാലകളെ ചികിത്സപൂർത്തിയാക്കി കാട്ടിലേക്ക് വിട്ടയച്ചു. ന്യൂസൗത്ത് വെയ്ൽസിലെ പോർട്ട് മക്വറീ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൊവാലകൾ. കൊവാലകൾക്ക് വേണ്ടി മാത്രം നിർമിച്ചിട്ടുള്ള ലോകത്തെ ഏക ആശുപത്രിയാണിത്.

ആൻവെൻ എന്ന് പേരിട്ടിരിക്കുന്ന പെൺ കൊവാലയാണ് കൂട്ടത്തിൽ ഏറ്റവും പ്രശസ്ത. കാട്ടുതീയിൽപ്പെട്ട് 90 ശതമാനം പൊള്ളലേറ്റ ആൻവെനിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആൻവെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻവെന്നിന് മുമ്പ് രണ്ട് കൊവാലകളെ നേരത്തെ തന്നെ അധികൃതർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മുറിവുകളെല്ലാം ഉണങ്ങി പൂർണ ആരോഗ്യത്തോടെ മടങ്ങിയ ആൻവെന്നിനെയും സംഘത്തെയും അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയായ ന്യൂസൗത്ത് വെയ്‌ൽസിലെ ലേക്ക് ഇൻസ് നേച്ചർ റിസേർവിലേക്കാണ് മടക്കി അയച്ചിരിക്കുന്നത്. ആൻവെൻ ഉൾപ്പെടെ 26 കൊവാലകളെയാണ് ഒരാഴ്ചയ്ക്കിടെ കാട്ടിലേക്ക് തന്നെ മടക്കി അയച്ചത്. യൂക്കാലി മരങ്ങൾ നിറഞ്ഞ ഇവിടെ കാട്ടുതീയിൽ വൻ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. പ്രതീക്ഷിക്കുന്നതിലും അധികം മഴ ലഭിച്ചാൽ മാത്രമേ ഇവിടം പഴയ സ്ഥിതിയിലേക്ക് പൂർണമായും മടങ്ങിയെത്തുകയുള്ളുവെന്ന് വിദഗ്ദർ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീ ഓസ്ട്രേലിയയിലെ വന്യജീവികളെ വളരെ ഗുരുതരമായാണ് ബാധിച്ചത്. ഹെക്ടർ കണക്കിന് വനപ്രദേശങ്ങൾ കത്തിനശിച്ചു. ഓസ്ട്രേലിയയിൽ കണ്ടുവരുന്ന സഞ്ചി മൃഗങ്ങളായ കൊവാല വംശനാശ ഭീഷണി നേരിടുന്ന ഘട്ടത്തിലാണ് കാട്ടുതീ അവയുടെ ജീവന് ഭീഷണിയായി മാറിയത്. കൊവാലകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വന്യമൃഗങ്ങളാണ് കാട്ടുതീയിൽ ഇല്ലാതായത്. അതേ സമയം ഓസ്ട്രേലിയൻ സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ നിരവധി മൃഗങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനും കഴിഞ്ഞു.