chennithala-

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ കൊള്ളകളും അഴിമതിയും നടക്കുമ്പോൾ പ്രതിപക്ഷത്തിന് മിണ്ടാതിരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്പ്രിംഗ്ളർ ഇടപാടിൽ സർക്കാർ സ്വീകരിച്ച നടപടിയിൽ കനത്ത പ്രതിഷേധമുണ്ടായതിനാലാണ് ജനങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞത്. താൻ പറഞ്ഞ കാര്യങ്ങളോട് ആദ്യഘട്ടങ്ങളിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. വലിയൊരു തട്ടിപ്പ് പുറത്ത് വന്നതുകൊണ്ടുള്ള വേവലാതിയാണ് മുഖ്യമന്ത്രിക്ക്. ഇതിനകത്ത് യാതൊരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. ഉന്നയിച്ച കാര്യങ്ങളൊക്കെ ശരിയാണെന്ന് ഐ.ടി സെക്രട്ടറി ചാനൽ അഭിമുഖങ്ങളിൽ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതിനെയൊന്നും തള്ളി പറഞ്ഞിട്ടുമില്ല. ലാവ്ലിൻ ബാധ പിണറായിയെ വീണ്ടും പിടികൂടിയിരിക്കുകയാണ്. അഴിമതി ആരോപണം ഉയരുമ്പോൾ സി.പി.എമ്മിനകത്തെ പഴയ വിഭാഗീയത ഓർമ്മിപ്പിച്ച് രക്തസാക്ഷി പരിവേഷം ലഭിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നിലവിളിയുടെ സ്വരമാണ് മുഖ്യമന്ത്രിയിൽ നിന്ന് ഉയരുന്നതെന്ന് പരിഹസിച്ച ചെന്നിത്തല ഇക്കാര്യത്തിൽ എൽ.ഡി.എഫിലും പാർട്ടിക്കകത്തും അഭിപ്രായവ്യത്യാസമുണ്ടെന്നും പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾ യെച്ചൂരിയോ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റോ എതിർത്തില്ല. കൊവിഡിന് ശേഷം ചർച്ച ചെയ്യാമെന്ന് മാത്രമാണ് അവർ പറഞ്ഞത്. കരുണാകരനോ ഉമ്മൻചാണ്ടിയോ അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ സഹതാപം കിട്ടാൻ നോക്കിയിട്ടില്ല. മുഖ്യമന്ത്രി ഗൂഢാലോചന സിദ്ധാന്തം രചിക്കാതെ വസ്തുതക്കൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു പതിറ്റാണ്ട് കാലത്തിലധികാമായി കേരളത്തിലെ സി.പി.എമ്മിൽ നടന്ന ഉൾപാർട്ടി തർക്കങ്ങൾ ഉയർത്തി ഇപ്പോഴത്തെ ആരോപണങ്ങൾ തെറ്റാണെന്ന് കാണിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അധികാരത്തിൽ ഇരിക്കുന്നവർക്ക് നേരെ വിമർശനങ്ങളും ആരോപണങ്ങളും ഉയരും. എന്നാൽ മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല. പ്രതിപക്ഷത്തിനും മാദ്ധ്യമങ്ങൾക്കുമെതിരെ കുതിരകയറുന്ന സമീപനം ശരിയല്ല. ശക്തനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി ഒരു ആക്ഷേപം വന്നപ്പോൾ ലെനിനേയും ഷേക്സ്പിക്കയറിനെയും കൂട്ടുപിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വ്യക്തിപരമായി അടുപ്പമുള്ള രണ്ട് പേരെ വച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തുകയാണ്. ഇത് സ്പ്രിൻക്ലർ അഴിമതിയെ വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ്. ഐ.എ.എസ്‌കാരാനായ ഐ.ടി സെക്രട്ടറി എം.എൻ സ്മാരകത്തിൽ പോയി കാനത്തോട് കാര്യങ്ങൾ വിശദീകരിക്കേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നത് പ്രതിപക്ഷമല്ല സർക്കാരാണ്.

ഉദ്യോഗസ്ഥരിൽ നിന്ന് പിടിക്കുന്ന പണം സർക്കാർ എന്ന് തിരിച്ച് നൽകണമെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യ ജീവനക്കർ, പൊലീസ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, കൊവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴഇവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ സാമ്പത്തികപ്രതിസന്ധിക്ക് കാരണം കൊവിഡല്ല. നികുതി പിരിവിലെ കെടുകാര്യസ്ഥതയും അനാവശ്യ ചെലവുകളുമാണ് ഇതിന് കാരണം. സർക്കാർ ചെലവ് കുറയ്ക്കാതെ ജനങ്ങൾ മുണ്ട് മുറുക്കണമെന്ന് പറയുന്നത് അംഗീകരിക്കാനികില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.