covid-19

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ കൊവിഡ് രോഗം നിയന്ത്രണ വിധേയമാണെങ്കിലും ഇനിയുള്ള ദിവസങ്ങൾ നിർണായകമാണെന്നും ജനങ്ങൾ കർശനമായ അച്ചടക്കം പാലിച്ചില്ലെങ്കിൽ രോഗത്തിന്റെ രണ്ടാം വരവ് രൂക്ഷമാകാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

പുതിയ രോഗികൾ ഉണ്ടായില്ലെങ്കിൽ കേരളം കൊവിഡ് മുക്തമാകാവുന്ന സ്ഥിതിയാണിപ്പോൾ. പക്ഷേ ജനങ്ങളും അധികൃതരും ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകടമാണ്.

ജനുവരി 30നാണ് കേരളത്തിൽ കൊവിഡ് ബാധയുണ്ടായത്. മാർച്ച് 27 ഒാടെ ശക്തമായി. ദിവസം 39 പുതിയ രോഗികൾ വരെ ഉണ്ടായി. ഏപ്രിൽ ആദ്യം മുതൽ പുതിയ രോഗികൾ കുറഞ്ഞു. ചികിത്സയിലുളളവർ 376ൽ നിന്ന് 127ആയി കുറഞ്ഞു. 437പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. നിരീക്ഷണത്തിലുള്ളവർ 1.79 ലക്ഷത്തിൽ നിന്ന് 29,000 ആയി കുറഞ്ഞു. നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലം കൂടി ഏതാനും ദിവസങ്ങൾക്കകം പുറത്തുവരും. അതെല്ലാം നെഗറ്റീവായാൽ കേരളത്തിൽ കൊവിഡ് രോഗികളില്ലാത്ത സ്ഥിതിയാകും.

രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമായത് പരിഗണിച്ചാണ് ലോക്ക് ഡൗണിൽ നേരിയ ഇളവുകൾ അനുവദിച്ചത്. രണ്ട് ജില്ലകൾ നല്ലതോതിലും അഞ്ച് ജില്ലകൾ ഭാഗികമായും ഇളവ് നേടി.

എന്നാൽ ലോക്ക് ഡൗൺ ഇളവും ജനങ്ങളുടെ ജാഗ്രതക്കുറവും രോഗവ്യാപനം വീണ്ടും ശക്തമാക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കർശനമായ നിരീക്ഷണവും ജനങ്ങളുടെ അച്ചടക്കവും ഉറപ്പാക്കിയില്ലെങ്കിൽ രോഗനിയന്ത്രണത്തിൽ കൈവരിച്ച പ്രശംസനീയമായ മുൻതൂക്കം നഷ്ടമാകുമെന്ന് സർക്കാരിനും ആശങ്കയുണ്ട്. പ്രത്യേകിച്ചും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന തമിഴ്നാട്ടിലും തെലുങ്കാനയിലും മഹാരാഷ്ട്രയിലും രോഗംവ്യാപിക്കുന്ന സാഹചര്യത്തിൽ.

പാഠമാകണം സിംഗപ്പൂർ അനുഭവം

ആദ്യഘട്ടത്തിൽ രോഗമുക്തമാകുകയും പിന്നീട് അതിവേഗം രോഗം പടരുകയും ചെയ്‌ത സിംഗപ്പൂരിന്റെ അനുഭവം കേരളം പാഠമാക്കണം. വെറും 700 ച.കിലോമീറ്റർ വിസ്തൃതിയുള്ള സിംഗപ്പൂരിൽ 59ലക്ഷം മാത്രമാണ് ജനസംഖ്യ. ജനുവരി 23നാണ് കൊവിഡ് ബാധ തുടങ്ങിയത്. സ്കൂളുകൾ അടച്ചു. രോഗികളെയും അവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കി,​ ശക്തമായ ബോധവൽക്കരണവും നടത്തി. രോഗികളുടെയും ബന്ധുക്കളുടെയും മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് രോഗം നിയന്ത്രിച്ച 'സിംഗപ്പൂർ മോഡൽ' ലോകമാകെ അഭിനന്ദനം പിടിച്ചു പറ്റി. ഫെബ്രുവരി 20ഒാടെ രോഗം പൂർണമായി ഇല്ലാതാക്കി. മാർച്ച് ആദ്യം നിയന്ത്രണങ്ങൾ നീക്കി. ജനജീവിതം സാധാരണനിലയിലായി. മാർച്ച് 10ഒാടെ സ്ഥിതിമാറി. വിദേശ തൊഴിലാളികൾക്കിടയിൽ രോഗം പടർന്നു. അസംബ്ളി ഒാഫ് ഗോഡ് എന്ന പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ ചെെനീസ് ദമ്പതികളിൽ നിന്നായിരുന്നു കൊവിഡിന്റെ രണ്ടാം വരവ്. രോഗവ്യാപനം അതിവേഗത്തിലായിരുന്നു. ദിവസം 700ലേറെ പേർക്ക് രോഗം ബാധിച്ചു. ആദ്യ ഘട്ടത്തിൽ വെറും 266 പേർക്കാണ് രോഗം ബാധിച്ചത്. ഇപ്പോൾ 5900രോഗികളാണുള്ളത്. ഏപ്രിൽ 3 മുതൽ ഒരുമാസത്തേക്ക് കർശനമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സിംഗപ്പൂർ.