ഛണ്ഡീഗഡ്: തെറ്റായ പരിശോധനാഫലം ലഭിച്ചതിനെ തുടർന്ന് ചൈനീസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഐ.സി.എം.ആറിന് തിരികെ നൽകാൻ പഞ്ചാബ് ഒരുങ്ങുന്നു. അഞ്ച് കിറ്റുകൾ തെറ്റായ പരിശോധനാഫലം നൽകിയ സാഹചര്യത്തിലാണ് ചൈനീസ് കിറ്റുകൾ മുഴുവൻ തിരികെ നൽകാൻ പഞ്ചാബ് തീരുമാനിച്ചത്.
ചൈനയിൽ നിന്നെത്തിച്ച കിറ്റുകൾ ഐ.സി.എം.ആറാണ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്. നേരത്തെ,താങ്ങാനാകാത്ത വില ചൂണ്ടിക്കാട്ടി ചൈനയിൽ നിന്ന് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഹരിയാന പിൻവലിച്ചിരുന്നു. ഇതിന് പകരമായി ദക്ഷിണ കൊറിയയിൽ നിന്ന് കിറ്റുകൾ എത്തിക്കാനാണ് തീരുമാനം.
ഓരോ കിറ്റിനും 780 രൂപ ചൈന ഈടാക്കുമ്പോൾ ദക്ഷിണ കൊറിയൻ കമ്പനി ഒരു കിറ്റിന് 380 രൂപ എന്ന നിരക്കിലാണ് ഇൗടുക്കുന്നത്. ഇതിനകം 25,000 കിറ്റുകൾ ദക്ഷിണ കൊറിയ നൽകിക്കഴിഞ്ഞു. ഇതിനിടെ ചൈനയിൽ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആർ കഴിഞ്ഞദിവസം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
നേരത്തേ തന്നെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കിറ്റുകൾക്കും മാസ്കുകൾക്കും ആവശ്യത്തിന് ഗുണനിലവാരമില്ലെന്ന് പലരാജ്യങ്ങളും പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് പലരാജ്യങ്ങളും ചൈനീസ് കിറ്റുകൾ ഇറക്കുമതിചെയ്യുന്നത് നിരോധിക്കുകയും ചെയ്തിരുന്നു.