തിരുവനന്തപുരം: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളെ പ്രതിരോധ നടപടികൾ പാലിച്ച് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കി. തിരിച്ചുവരുന്നവരെകുറിച്ച് വ്യക്തമായ ധാരണ ലഭിക്കാനും ആരോഗ്യസ്ഥിതി തിരിച്ചറിയാനും ഉതകുന്ന രജിസ്ട്രേഷന് നോർക്ക വെബ് സൈറ്റ് (www.norkaroots.org) സജ്ജമാക്കി. കേന്ദ്രാനുമതി ലഭിച്ചാലുടൻ രജിസ്ട്രേഷൻ തുടങ്ങും.
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച നിയന്ത്രണങ്ങളും നിബന്ധനകളും യാത്രയും നിശ്ചയിക്കേണ്ടത് കേന്ദ്രസർക്കാരാണെങ്കിലും വന്നിറങ്ങുന്നവരുടെ സുരക്ഷ പരിപൂർണമായും സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഇതിനായി കേരളം തയ്യാറാക്കിയ മാർഗ്ഗരേഖ കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് നടപടികളുമായി മുന്നോട്ടുപോകുന്നത്.
കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെങ്കിൽ മാത്രമേ നോർക്കയിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ. ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കേണ്ടത് പ്രവാസി സംഘടനകളാണ്. യാത്രയ്ക്ക് എത്രദിവസം മുമ്പ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിക്കും.
കേരളത്തിലേക്കുള്ള യാത്രാ ക്രമീകരണം നിശ്ചയിക്കാൻ
ചീഫ് സെക്രട്ടറി തലത്തിൽ എയർപോർട്ട് അതോറിട്ടിയുമായും വിമാനക്കമ്പനികളുമായും ചർച്ച നടത്തും. വിമാനത്താവളത്തിൽ സ്‌ക്രീനിംഗ് സജ്ജീകരണവും പ്രോട്ടോകോളും ആരോഗ്യവകുപ്പ് അറിയിക്കും.
വിമാന സർവീസുകൾ തുടങ്ങിയാൽ ഒരു മാസത്തിനുള്ളിൽ
മൂന്നു ലക്ഷം മുതൽ ആറുലക്ഷം വരെ മലയാളികൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ വിമാന സർവീസ് എന്നു തുടങ്ങുമെന്ന് വ്യക്തമായ സൂചന കേന്ദ്രം നൽകിയിട്ടില്ല.ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച വിമാനക്കമ്പനികളെ വിലക്കുകയും ചെയ്തു.
യാത്രാവസരം
കേരളം തയ്യാറാക്കിയ മാർഗരേഖ കേന്ദ്രം
സ്വീകരിക്കുകയാണെങ്കിൽ മടങ്ങിവരാൻ അവസരം കിട്ടുന്നത് ഇപ്രകാരം: വിസിറ്റിംഗ് വിസയിൽ പോയവർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വിസാകാലാവധി പൂർത്തിയായവർ, കോഴ്സ് പൂർത്തിയായി സ്റ്റുഡൻസ് വിസയിലുള്ളവർ, ജയിൽമോചിതരായവർ, മറ്റുള്ളവർ എന്നിങ്ങനെ.
വന്നാൽ ഇങ്ങനെ
വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തിയാൽ ക്വാറൻറീൻ സെന്ററിലോ കൊവിഡ് ആശുപത്രിയിലോ അയയ്ക്കും. മറ്റുള്ളവരെ നീരീക്ഷണത്തിലാക്കും.
രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കുമെങ്കിലും 14 ദിവസം നിരീക്ഷണത്തിലായിരിക്കും. അത് 28 ദിവസംവരെ നീണ്ടേക്കാം.