മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഭാവന സംബന്ധിച്ച് ദിവസങ്ങളായി നിലനിന്ന തർക്കത്തിന് വിരാമമായിരിക്കുകയാണ്. 'സാലറി ചലഞ്ച്" ഒഴിവാക്കി ജീവനക്കാർക്കുകൂടി സ്വീകാര്യമായേക്കാവുന്ന ഒരു വഴിയാണ് സർക്കാർ കണ്ടുപിടിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ സർക്കാർ ശമ്പളം പറ്റുന്ന എല്ലാവരിൽ നിന്നും ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക അഞ്ചുമാസം കൊണ്ട് ഗഡുക്കളായി പിടിക്കാനാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുന്നത്. ഓരോ മാസവും ആറുദിവസത്തെ ശമ്പളത്തിനു തുല്യമായ തുകയായിരിക്കും പിടിക്കുക. ഇരുപതിനായിരം രൂപയിൽ കുറവു ശമ്പളമുള്ള വിഭാഗങ്ങളെ ഒഴിവാക്കും. സ്വമനസ്സാലെ വിഹിതം നൽകണമെന്നാഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാം. മറ്റു വിഭാഗങ്ങളുടെ കാര്യത്തിൽ ഇളവുകളൊന്നുമില്ല.
കൊവിഡ് മഹാമാരിക്കെതിരെ യുദ്ധസമാനമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെയും ലോക്ഡൗൺ പാലിക്കുന്നത് ഉറപ്പാക്കാൻ പ്രത്യേക സുരക്ഷാസംവിധാനങ്ങൾ പോലുമില്ലാതെ അഹോരാത്രം റോഡിൽ സേവനം ചെയ്യുന്ന പൊലീസുകാരെയും ഒഴിവാക്കുമെന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. ആരോഗ്യ വിഭാഗം കൊവിഡ് യുദ്ധമുഖത്ത് നടത്തിക്കൊണ്ടിരിക്കുന്ന വിലമതിക്കാനാകാത്ത സേവനം കണക്കിലെടുത്ത് അവരെ നിർബന്ധ പിരിവിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ആരോഗ്യപ്രവർത്തകരുടെയും പൊലീസുകാരുടെയും സേവനത്തിനുള്ള നന്ദിസൂചകമായി മാത്രം അതു കണ്ടാൽ മതി. സർക്കാർ ഉദ്ദേശിക്കുന്ന വരുമാനത്തിൽ അല്പം കുറവു വരുമെങ്കിലും ഇൗ വിഭാഗങ്ങൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനു നൽകാൻ കഴിയുന്ന ഏറ്റവും അനുഭാവപൂർണമായ ഒരു ഉപഹാരം കൂടിയാകും അത്. ഊണും ഉറക്കവും പോലും വെടിഞ്ഞ് കൊവിഡ് ചികിത്സാരംഗത്ത് പണിയെടുക്കുന്ന അനവധി ആരോഗ്യപ്രവർത്തകരുണ്ട്. ഇവരുടെ സേവനം കണക്കിലെടുത്ത് പ്രത്യേക അലവൻസ് നൽകണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് ശമ്പളത്തിന്റെ ഒരു ഭാഗം അടുത്ത അഞ്ചുമാസം കുറവുചെയ്യാനുള്ള തീരുമാനം. ആരോഗ്യമേഖലയിലെ ജീവനക്കാരെ ഇതിൽ നിന്ന് സർക്കാർ ഒഴിവാക്കുന്നത് കേവലം നീതി മാത്രമായിരിക്കും. മനസ്സു തുറന്ന് അഭിനന്ദിക്കേണ്ട ഒരു വിഭാഗത്തെ മറ്റു സർക്കാർ ജീവനക്കാർക്കൊപ്പം കണക്കാക്കി ശമ്പളം പിടിക്കുന്നത് നന്ദികേടാണെന്നു മാത്രമല്ല, സമൂഹത്തിന്റെ എതിർപ്പും ക്ഷണിച്ചു വരുത്തും. ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഇറക്കും മുൻപ് ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
ഡോക്ടർമാരും നഴ്‌സുമാരും മറ്റു ആശുപത്രി ജീവനക്കാരും അനുഷ്ഠിക്കുന്ന സേവനം കണക്കിലെടുത്ത് തെലങ്കാന, ഹരിയാന, ഡൽഹി തുടങ്ങിയ സർക്കാരുകൾ പ്രോത്സാഹന വേതനം നൽകുന്നുണ്ട്. ഒരുകോടി രൂപവരെയുള്ള ഇൻഷ്വറൻസ് ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുമുണ്ട്. ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനയിൽ നിന്ന് ആരോഗ്യവിഭാഗം ജീവനക്കാരെ ഒഴിവാക്കിയ സംസ്ഥാനങ്ങളുണ്ട്. ഇതെല്ലാം പരിഗണിച്ച് സംസ്ഥാന സർക്കാരും ഉചിത തീരുമാനം എടുക്കണം. സമൂഹത്തിനു നൽകാനാവുന്ന മൂല്യമേറിയ സന്ദേശം കൂടിയാവും അത്.
ഓരോ മാസവും ആറു ദിവസത്തെ ശമ്പളം നിർബന്ധമായി പിടിക്കുമെങ്കിലും സർക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതിനനുസരിച്ച് അത് മടക്കി നൽകുമെന്ന വാഗ്ദാനവുമുണ്ട്. പ്രളയകാലത്തെ സാലറി ചലഞ്ചിൽ ഇത്തരമൊരു വ്യവസ്ഥ ഇല്ലായിരുന്നു. പ്രതിപക്ഷ സർവീസ് സംഘടനകളുടെ ശക്തമായ എതിർപ്പുണ്ടായിരുന്നതിനാൽ അന്ന് സാലറി ചലഞ്ച് പ്രതീക്ഷിച്ചതുപോലെ വിജയിച്ചതുമില്ല. അൻപത്തിനാല് ശതമാനം ജീവനക്കാരേ അന്ന് ശമ്പളത്തിന്റെ ഒരു ഭാഗം കൈവിടാൻ തയ്യാറായുള്ളൂ. മാത്രമല്ല സംഘടനകളിൽ ചിലത് കോടതിയിൽ പോയി സർക്കാരിനെതിരെ വിധി വാങ്ങുകയും ചെയ്തു. അത്തരത്തിലുള്ള എതിർപ്പുകളും മറ്റു നൂലാമാലകളും ഒഴിവാക്കാനുദ്ദേശിച്ചാണ് പിടിച്ചെടുക്കുന്ന തുക പിന്നീട് മടക്കി നൽകുമെന്ന ഇപ്പോഴത്തെ വാഗ്ദാനം. ജീവനക്കാർ മാത്രമല്ല, മന്ത്രിമാരും എം.എൽ.എമാരും പൊതുമേഖലാ സ്ഥാപന മേധാവികളും കോർപ്പറേഷൻ മേധാവികളുമെല്ലാം സർക്കാരിന്റെ ഫണ്ട് ശേഖരണത്തിൽ പങ്കാളികളാകുന്നുണ്ട്. മേയ് മുതൽ സെപ്തംബർ വരെയുള്ള അഞ്ചുമാസം ജീവനക്കാരിൽ നിന്നു ശമ്പളം പിടിക്കുന്നതിലൂടെ 3500 കോടി രൂപ സമാഹരിക്കാനാവുമെന്നാണു കണക്കാക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത അത്യസാധാരണമായ സാമ്പത്തിക പ്രതിസന്ധിയാണ് കൊവിഡ് മൂലം ഉണ്ടായിരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ആപൽഘട്ടത്തിൽ സകല വിഭാഗം ജനങ്ങളെയും സർക്കാർ പരമാവധി സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുരിതകാലത്തും കൃത്യമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ ലഭിക്കുന്നവരാണ് സർക്കാർ ജീവനക്കാർ. സർക്കാരിന് അപരിഹാര്യമായ ഒരു കഷ്ടസ്ഥിതി നേരിട്ടപ്പോൾ സ്വന്തം ജീവനക്കാരുടെ സഹായം തേടുന്നതിൽ ഒരു അപാകതയുമില്ല. നാണക്കേടു തോന്നേണ്ടതുമില്ല. പണത്തിനു ബുദ്ധിമുട്ടു നേരിടുമ്പോൾ ആൾക്കാർ അന്യോന്യം കൈവായ്പ തേടാറുണ്ടല്ലോ. അതുപോലെ ഇതും കണക്കാക്കിയാൽ മതി. വാങ്ങുന്ന പണം തിരിയെ നൽകാമെന്ന് സർക്കാർ ഉറപ്പു നൽകുന്നുമുണ്ട്. ആ നിലയ്ക്ക് ജീവനക്കാർ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം സർക്കാരിന് വായ്പയായി നൽകുന്നതായി കണക്കാക്കിയാൽ മതി. ശമ്പളം കവരുന്നു, വെട്ടിക്കുറയ്ക്കുന്നു എന്ന മട്ടിലുള്ള തെറ്റായ പ്രചരണങ്ങൾ അഴിച്ചുവിട്ട് സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന സംഘടനകൾ തങ്ങളുടെ ചുറ്റുപാടിലുള്ള സ്ഥിതികൂടി ഒന്നു പരിശോധിക്കാൻ സന്നദ്ധമാകണം. കൊവിഡും ലോക്ക് ഡൗണും എത്ര ലക്ഷം പേരെയാണ് തൊഴിൽരഹിതരാക്കിയതെന്ന വിവരം അറിയാത്തവരല്ല സർക്കാർ ജീവനക്കാർ. ആഹാരത്തിനു പോലും വഴി കാണാതെ നരകജീവിതം നയിക്കുന്ന എത്രയോ കുടുംബങ്ങൾ രാജ്യത്തുണ്ടെന്ന യാഥാർത്ഥ്യം മറക്കരുത്. കൊവിഡ് ഭീഷണി പൂർണമായി ഒഴിഞ്ഞാലും ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ വഴികാണാതെ ലക്ഷക്കണക്കിനാളുകൾ ശേഷിക്കുന്നുണ്ടാകും. അഞ്ചുമാസം ശമ്പളത്തിന്റെ ഒരു ഭാഗം സർക്കാരിന് വായ്പ പോലെ നൽകുന്നതുകൊണ്ട് ജീവനക്കാർക്ക് ആത്യന്തികമായി ചേതമൊന്നും വരാൻ പോകുന്നില്ല. സമൂഹത്തിന്റെ കണ്ണീരും കഷ്ടപ്പാടും തുടച്ചുനീക്കാനുള്ള വക കണ്ടെത്താൻ കൂടിയാണ് സർക്കാർ ഈ നിർബന്ധപ്പിരിവിനിറങ്ങിയതെന്ന വസ്തുത ഓർക്കണം. സർക്കാർ ജീവനക്കാരും സമൂഹത്തിന്റെ ഭാഗം തന്നെയാണല്ലോ. ദുഃഖം പങ്കുവയ്ക്കാനുള്ള മനസ്സുണ്ടാകുമ്പോഴാണ് മനുഷ്യർ യഥാർത്ഥ മനുഷ്യരാകുന്നത്.
.................................................................................................................................................................................................
. പണത്തിനു ബുദ്ധിമുട്ടു നേരിടുമ്പോൾ ആൾക്കാർ അന്യോന്യം കൈവായ്പ തേടാറുണ്ടല്ലോ. അതുപോലെ ഇതും കണക്കാക്കിയാൽ മതി. വാങ്ങുന്ന പണം തിരിയെ നൽകാമെന്ന് സർക്കാർ ഉറപ്പു നൽകുന്നുമുണ്ട്.