കല്ലമ്പലം: ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച കോമഡി സ്റ്റാർ ഷാബു രാജിന്റെ മക്കളുടെ പഠന ചെലവ് സേവാഭാരതി ഏറ്റെടുക്കും. കല്ലമ്പലം പുതുശേരിമുക്ക് വല്ലത്തുകോണം ചന്ദ്രിക വിലാസത്തിൽ ഷാബുരാജിന് നാലു കുട്ടികളാണ് ഉള്ളത്. ആറു വർഷമായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്ന ഭാര്യ ചന്ദ്രികയ്ക്ക് പരസഹായം കൂടാതെ എഴുന്നേൽക്കാൻ പോലും കഴിയില്ല. വിവിധ വേദികളിൽ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഈ കാലാകാരന്റെ കുടുംബ പശ്ചാത്തലം ദാരിദ്ര്യം നിറഞ്ഞതാണ്. കലാപരിപാടികൾക്ക് പോയാൽ കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റാൻ കഴിയാത്തതിനാൽ കൂലിവേലയ്ക്കും പോകുമായിരുന്നു. തോട്ടയ്ക്കാട് സേവാഭാരതി പ്രവർത്തകരാണ് സഹായവുമായി എത്തിയിരിക്കുന്നത്. കുട്ടികളുടെ പഠന ചെലവിനോടൊപ്പം മറ്റ് സഹായങ്ങളും നൽകുമെന്ന് സേവാഭാരതി പ്രവർത്തകർ അറിയിച്ചു.