short-filim

വർക്കല: ലോക്ക് ഡൗൺ കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന് കാട്ടിത്തരികയാണ് വർക്കല അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ മലയാള വിഭാഗം അദ്ധ്യാപകർ. കൃഷി പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായി വീട്ടിലിരുന്നുകൊണ്ട് തന്നെ 'മടക്കം' എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഷോർട്ട് ഫിലിം വിദ്യാർത്ഥികളും രക്ഷിതാക്കളുമൊക്കെ ഏറ്റെടുത്തു.

മലയാളം അദ്ധ്യാപകനായ സി. ബിനുകുമാറാണ് രചനയും സംവിധാനവും എഡിറ്റിംഗുമെല്ലാം നിർവഹിച്ചത്.

അദ്ധ്യാപകരായ അനിഷ്കർ.എസ്, അജിത എം, അനിത.എസ്, അജിത.കെ, സിന്ധു.എസ്, ഗീതകുമാരി, സിന്ധു.കെ, ശ്രീജ എന്നിവരും അവരുടെ മക്കളുമാണ് അഭിനയിച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ കാലത്ത് കൃഷിചെയ്യണമെന്ന ആഹ്വാനവുമായി ഒരു മെസേജ് അദ്ധ്യാപകന്റെ ഫോണിൽ എത്തുന്നതാണ് ചിത്രത്തിന്റെ തുടക്കം. തുടർന്ന് അതിനെ വിമർശിച്ചും അനുകൂലിച്ചും കുറേപ്പേർ സംസാരിക്കുന്നു. എന്നാൽ അവരുടെ കുട്ടികൾ പാഠം ഉൾക്കൊണ്ട് വീടുകളിൽ കൃഷി ചെയ്യുന്നു. വിമർശിച്ചവർ സത്യം തിരിച്ചറിഞ്ഞ് കൃഷി ചെയ്യാനിറങ്ങുന്നതോടെയാണ് ഷോർട്ട് ഫിലിം അവസാനിക്കുന്നത്.