തിരുവനന്തപുരം: തമിഴ്നാട്ടിലെ ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളെ പരിശോധിച്ചശേഷം അധികൃതരെ കബളിപ്പിച്ച് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയ വനിതാ ഡോക്ടറെ അധികൃതർ ക്വാറന്റൈനിലാക്കി. ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതിർത്തിയിലെ പരിശോധനയുടെ ഭാഗമായി പൊലീസ് തടഞ്ഞപ്പോൾ താൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തെ വീട്ടിലെത്തിയപ്പോഴാണ് ഡോക്ടർ കള്ളം പറഞ്ഞതാണെന്ന് പൊലീസിന് വ്യക്തമായത്. ഇതോടെ പൊലീസും റവന്യൂസംഘവുമെത്തി ഡോക്ടറെ ക്വാറന്റൈനിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇവർ ഇതുപോലെ വീട്ടിലെത്തിയതായി സംശയമുണ്ട്. തമിഴ്നാട്ടിൽ കൊവിഡ് പടർന്നുപിടിക്കുന്നതിനാൽ അതിർത്തിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.