പാലോട്: കൊവിഡ് വ്യാപനം തുടങ്ങിയതോടെ അല്പം ഭീതി വിതച്ചെങ്കിലും നിലവിൽ പൗൾട്രീ ഫാം ഉടമകൾ ഹാപ്പിയാണ്. ചൂട് കാലമാകുമ്പോൾ ഡിമാന്റ് കുറയുന്ന കോഴിയിറച്ചിക്ക് മത്സ്യവും മറ്റും കിട്ടാതായതോടെ ആവശ്യക്കാർ ഏറുകയാണ്. സർക്കാർ - സ്വകാര്യ മേഖലകളിൽ പൗൾട്രീഫാം നടത്തുന്നവർക്ക് ഇപ്പോൾ ആശ്വാസമാണ്. കേരള സ്റ്റേറ്റ് പൗൾട്രി ഡെവല്പ്മെന്റ് കോ-ഒർപ്രേഷന്റെ (കെ.എസ്.പി.ഡി.സി) നിയന്ത്രണത്തിലുള്ള ഫാമുകളിൽ 6000 ത്തോളം കോഴിക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. 50 ദിവസത്തിനുള്ളിൽ ഈ കുഞ്ഞുങ്ങളെ സർക്കാർ ഏജൻസികൾ തന്നെ തിരികെ എടുക്കുകയും ചെയ്യും. തീറ്റയും മരുന്നും സർക്കാർ തന്നെ ലഭ്യമാക്കുന്നുണ്ട്. ഒരു പ്രാവശ്യം 20000 രൂപയോളം ഫാമിന് സർക്കാർ നൽകുന്നുമുണ്ട്. എന്നാൽ സ്വകാര്യവ്യക്തികൾ നടത്തുന്ന ഫാമുകളാണ് കുറച്ചെങ്കിലും ലോക്ക് ഡൗൺ ബാധിച്ചിട്ടുണ്ടെങ്കിലും കോഴിയിറച്ചിക്ക് ഡിമാന്റ് കൂടിയത് ആശ്വാസം നൽകുന്നുണ്ടെന്ന് ഫാം ഉടമകൾ പറയുന്നു.
ഹാച്ചറികളിൽ നിന്നും വിരിയിക്കുന്ന കോഴി കുഞ്ഞുങ്ങൾക്ക് 40 രൂപ നിരക്കിൽ ഫാം ഉടമകൾ വാങ്ങും. അത് 50 ദിവസം എത്തുമ്പോൾ കിലോയ്ക്ക് 88 മുതൽ 105 രൂപ നിരക്കിൽ പുറത്ത് വില്പന നടത്തും.ആയിരം കുഞ്ഞുങ്ങളെ വളർത്തുന്ന കർഷകന് രണ്ട് ചാക്ക് തീറ്റയാണ് ദിനവും വേണ്ടത്.എന്നാൽ ലോക്ക് ഡൗൺ വന്നതോടെ ഒരു ചാക്ക് തീറ്റിക്ക് 150 രൂപയോളം വിലയാണ് വർദ്ധിച്ചിട്ടുള്ളത്.
കഴിഞ്ഞ ജനുവരി -ഫെബ്രുവരി മാസങ്ങളിൽ പക്ഷിപ്പനി വ്യാപിക്കുന്നതായി വാർത്ത പരന്നതോടെ ഇറച്ചിക്ക് വില ഇടിഞ്ഞിരുന്നു. വളർച്ചയെത്തിയ ഇറച്ചിക്കോഴി കിലോയ്ക്ക് 38 രൂപയ്ക്കാണ് വില്പന നടത്തിയത്. തൊട്ട് പിന്നാലെ ലോക്ക് ഡൗണും വന്നതോടെ ആദ്യം ഫാം ഉടമകൾ പേടിച്ചെങ്കിലും ഇപ്പോൾ ഇറച്ചിക്ക് വില കൂടി കിലോയ്ക്ക് 126 രൂപ വരെ എത്തി. എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും കോഴിക്കുഞ്ഞുങ്ങൾ എത്തുന്നത് കുറഞ്ഞിട്ടുണ്ടെന്ന് കർഷകർ പറയുന്നു.
മുട്ടയ്ക്കും പ്രിയം ഏറെ
എന്നാൽ പ്രതിസന്ധി നേരിടുന്നത് മുട്ടമേഖലയാണ്. കോവിഡ് കാലം മുട്ടക്ക് അഞ്ചു രൂപ വരെയാണ് കർഷകന് കിട്ടുന്നത്. 2019 ൽ കോഴിമുട്ട വില 6 രൂപ ആയിരുന്നു. കുറുന്താളിയിലെ മുട്ട ഫാമിൽ രണ്ട് വർഷത്തോളമായി ഫാം നടത്തുന്ന ബൈജു പറയുന്നത്. എന്നാൽ കോഴിയിറച്ചിക്ക് ആവശ്യക്കാർ ഏറിയതുപോലെ മുട്ടയ്ക്കും ആവശ്യക്കാർ എത്താറുണ്ട്. രണ്ടായിരത്തോളം മുട്ട കോഴികളും ആയിരത്തോളം നാടൻ പൂവൻകോഴികളുമാണ് ഫാമിലുള്ളത്. മുട്ട കോഴികൾ വിൽക്കുന്നത് കിലോക്ക് 90 രൂപ നിരക്കിലാണ്. തീറ്റ ക്ഷാമം ഒഴിച്ചാൽ ലാഭകരമാണെന്നും തീറ്റയുടെ വില വർദ്ധിച്ചിട്ടും മുട്ടക്ക് വില കൂടിയിട്ടില്ലെന്നും ബൈജു പറഞ്ഞു.