crime

പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കലിൽ വിദ്യാ‌ർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ജുവനൈൽ ഹോമിൽ റിമാൻഡിൽ കഴിയുന്ന കുട്ടികളെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെ മകൻ എസ്.അഖിലിന്റെ (16)കൊലപാതകത്തിനോ മൃതദേഹം മറവ് ചെയ്യാനോ ഇവർക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായമോ കൃത്യത്തിന് പരപ്രേരണയോ ഉണ്ടായിരുന്നോ എന്ന് മനസിലാക്കാനും ഇവർക്ക് മയക്കുമരുന്ന് മാഫിയയുമായോ ക്രിമിനൽ സംഘങ്ങളുമായോ ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനുമാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.

കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ തിരിച്ചറിയേണ്ടതുമുണ്ട്. കടമായി വാങ്ങിയ സ്കേറ്റിംഗ് ഷൂവിന് പകരം മൊബൈൽഫോൺ വാങ്ങി നൽകാത്തതും ബ്ളൂടൂത്ത് സ്പീക്കർ വാങ്ങിയതിന്റെ പണം നൽകാത്തത് ചോദ്യം ചെയ്തതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്യാനുമാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

പ്രധാന പ്രതിയാണ് അഖിലിനെ ഫോൺചെയ്ത് വരുത്തിയത്. തന്റെ വീട്ടിലെത്തിയ അഖിലുമായി കൂട്ടുപ്രതിയുടെ വീട്ടിലും തുട‌ർന്ന് അങ്ങാടിക്കൽ സ്കൂളിന്റെ സമീപവും സംഘമെത്തി. അതിനിടെ മൂവരും തമ്മിൽ സ്കേറ്റിംഗ് ഷൂവിനെയും ഫേസ് ബുക്ക് പോസ്റ്റിനെയും ചൊല്ലി തമ്മിൽ തല്ലുകയായിരുന്നു. തല്ലുകൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അഖിലിനെ പ്രതികൾ എറിഞ്ഞുവീഴ്ത്തിയത്.

ഏറുകൊണ്ട് ബോധം കെട്ടുവീണ അഖിൽ മരിച്ചുപോയതായിരിക്കാമെന്ന് കരുതിയ ഇവർ കോടാലികൊണ്ട് കഴുത്തിലും കുറുക്കിലും മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം സമീപത്തെ ഒരുകുഴിയിൽമണ്ണിട്ട് മൂടുകയായിരുന്നു. മൊബൈൽ ഫോൺ വഴി കണ്ട ഒരു ഇംഗ്ളീഷ് സിനിമയിലെ രംഗമാണ് മൃതദേഹം മറവുചെയ്യാൻ ഇരുവർക്കും പ്രചോദനമായത്. മുറിവേൽപ്പിച്ച് മണ്ണിൽ കുഴിച്ചിട്ടാൽ പുഴുവരിച്ച് ശരീരം വേഗം ദ്രവിച്ചുപോകുമെന്ന് സിനിമയിൽ കണ്ടിരുന്നു.

ചെറിയ കത്തിയുപയോഗിച്ച് കൂടുതൽ മുറിവുണ്ടാക്കാനും ശ്രമിച്ചതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ച ഇവർ ഇംഗ്ലീഷ് സിനിമ ഏതെന്ന് പറഞ്ഞിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയശേഷം ഇവരുടെ ഫോണുകൾ കണ്ടെത്തി സൈബർ സെൽ സഹായത്തോടെ ഇത് സംബന്ധിച്ച തെളിവുകൾ ശേഖരിക്കും. അഖിലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.