benny-behanan

തിരുവനന്തപുരം: സ്‌പ്രിൻക്ലർ വിവാദത്തിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ശ്രമമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ ആരോപിച്ചു. മുഖ്യമന്ത്രി മുഖ്യപ്രതിയായി സംശയിക്കപ്പെടുന്ന വിഷയം അദ്ദേഹത്തിനു കീഴിലെ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്റെ നടപടി അപഹാസ്യമാണ്. സംസ്ഥാനത്തെ ബി.ജെ.പി- സി.പി.എം കൂട്ടുകെട്ടിന്റെ പരസ്യ പ്രഖ്യാപനമാണിത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേടിയ വിജയമാണ് സി.പി.എമ്മിനെ സഹായിക്കാൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളും സ്‌പ്രിൻക്ലർ അഴിമതിയും തുറന്നുകാട്ടിയപ്പോൾ പ്രതിപക്ഷത്തെ വിമർശിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചത്. സുരേന്ദ്രനെ മഹത്വവത്കരിക്കാനാണ് പലപ്പോഴും മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ സുരേന്ദ്രന് വീരപരിവേഷം നൽകാനാണ് സർക്കാർ ശ്രമിച്ചതെന്നും ബെന്നി ബെഹനാൻ കുറ്റപ്പെടുത്തി.