dr

ലോക്ക് ഡൗൺ കാലത്തും ബിസിനസ് ചിന്തകളെ പൂർണമായി ഒഴിവാക്കുന്നില്ല രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സാരഥി ഡോ.ബിജു രമേശ്. ലോക്ക് ഡൗൺ കഴിഞ്ഞാൽ ബിസിനസ് എങ്ങനെ മുന്നോട്ടു പോകും?​ കൊവിഡ് ഭാവിയിൽ എത്രത്തോളം ബിസിനസിനെ,​ വിദ്യാഭ്യാസ രംഗത്തെ ബാധിക്കും?​ തുടങ്ങിയ ആശങ്കകൾക്ക് ഉത്തരം കണ്ടെത്തുന്ന ചിന്തകൾ. ഇതു സംബന്ധിച്ച ഓൺലൈൻ മീറ്റിംഗുകൾ. ലോക്ക് ഡൗണിലും ഇത്തരം കാര്യങ്ങളിൽ നിന്ന് മാറിനിൽക്കാൻ ബിജു രമേശിന് കഴിയില്ല. ചേംബർ ഒഫ് കോമേഴ്സിന്റെ സംസ്ഥാന ചെയർമാൻ,​ എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ പ്രസിഡന്റ്, പ്രൈവറ്റ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി,​ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് അംഗം​ .... എന്നിങ്ങനെ ഉത്തവാദിത്വമുള്ള ചുമതലകളേറെയുള്ളപ്പോൾ വെറുതെയിരിക്കാൻ കഴിയില്ലല്ലോ. പക്ഷേ,​ എല്ലാ ചർച്ചകളും ഉച്ചയോടെ അവസാനിക്കും. ബാക്കി സമയം വീട്ടിൽ മകളോടൊപ്പം ചെസ് കളി,​ പിന്നെ കുറച്ചു നേരം ഭാര്യയ്ക്കൊപ്പം അടുക്കളയിൽ. സന്ധ്യയ്ക്ക് കുടുംബ ക്ഷേത്രമായ വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിലെത്തി പ്രാ‌ർത്ഥന. കൊവിഡ് കാലമായതിനാൽ ക്ഷേത്രത്തിൽ മറ്റാരും ദർശനത്തിന് എത്താറില്ല.

ലോക ജീവിതക്രമത്തിൽ തന്നെ കൊവിഡ് വലിയ മാറ്റം ഉണ്ടാക്കുമെന്നും. സർക്കാർ കാര്യമായി സഹായിച്ചില്ലെങ്കിൽ ബിസിനസ് രംഗത്തുള്ളവർക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

 ഇത്തവണ എൻജി.

എൻട്രൻസ് വേണ്ട

എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് മുഖ്യമന്ത്രിയുമായിട്ടുള്ള വീഡിയോ കോൺഫറൻസിൽ പറഞ്ഞത്. ഈ വർഷം പ്ളസ് ടുവിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ എൻജിനിയറിംഗിന് അഡ്മിഷൻ നൽകണം. ഇഷ്ടം പോലെ സീറ്റുണ്ട്. പിന്നെ എന്തിനാണ് എൻട്രൻസ് പരീക്ഷ?​ മറ്റു സംസ്ഥാനങ്ങളിൽ എൻട്രൻസ് പരീക്ഷയില്ല. മൂന്നു മാസത്തെ മോറട്ടോറിയം കൊണ്ടു മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. വായ്‌പാ തിരിച്ചടവിന് ബുദ്ധിമുട്ടുള്ളവർക്ക് ഒരു വർഷം വരെ സമയം അനുവദിക്കണം. കുറഞ്ഞത് മൂന്നു മാസത്തെ പലിശയെങ്കിലും ഒഴിവാക്കിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങളൊക്കെ അടച്ചിട്ടിരിക്കുകയാണ്. പി.എഫ്,​ ഇ.എസ്.ഐ എന്നിവയിൽ മാനേജ്മെന്റ് ഭാഗം കൂടി സർക്കാർ അടയ്ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

 സർക്കാർ കൈവിട്ടാൽ

പിന്നെ രക്ഷയില്ല
രണ്ട് പ്രളയത്തിലും തിരിച്ചടി കിട്ടിയത് ബിസിനസ് സമൂഹത്തിനാണ്. ഇപ്പോൾ കൊവിഡും. പ്രളയത്തിൽ വ്യവസായ കേന്ദ്രങ്ങൾ ഒരുപാട് നശിച്ചു. പ്രളയമുണ്ടാക്കിയ സാഹചര്യത്തെക്കാൾ രൂക്ഷമാണ് ഇപ്പോൾ കാര്യങ്ങൾ. കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ ആവശ്യത്തിന് ഗ്രാന്റ് നൽകിയില്ലെങ്കിൽ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകാൻ കഴിയില്ല. ശരാശരി ഐ.ടി കമ്പനികളും ചെറുകിട വ്യവസായങ്ങളുമെല്ലാം കരകയറാൻ ബുദ്ധിമുട്ടും. ഉടമസ്ഥർ മാത്രമല്ല,​ സ്ഥാപനത്തെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം വന്നു ചേരും. ടൂറിസം രംഗം പഴയതുപോലെയാകാൻ കാലമേറെ എടുക്കും.

കേരളത്തിൽ 1906 സ്വാശ്രയ കോളേജുകളുണ്ട്. മാനേജ്മെന്റുകൾക്ക് പ്രവർത്തനത്തിനുള്ള പണം കിട്ടുന്നത് ഫീസിൽ നിന്നാണ്. അപ്പോഴാണ് മുഖ്യമന്ത്രി പറയുന്നത് ഫീസടയ്ക്കേണ്ടെന്ന്. മാർച്ച്,​ ഏപ്രിൽ,​ മേയ് മാസങ്ങളിലാണ് കുടിശിക ഫീസുൾപ്പെടെയുള്ളവ കിട്ടിക്കൊണ്ടിരുന്നത്. ആ സമയത്ത് ഫീസടയ്ക്കേണ്ട എന്നു പറഞ്ഞാൽ കൈയിൽ കാശു കരുതി വച്ചവരും അടയ്ക്കാതിരിക്കും. അതോടൊപ്പം ശമ്പളം കൊടുക്കണമെന്നും മുഖ്യമന്ത്രി പറ‌യുന്നു. വല്ലാത്തൊരു ധ‌ർമ്മ സങ്കടത്തിലാണ് എല്ലാവരും. സൂം മീറ്റിംഗുകളിലൂടെ ബിസിനസുകാർ പങ്കുവയ്ക്കുന്നത് മുഴുവൻ ആശങ്കകളാണ്. ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജും കെട്ടിട നികുതിയും മൂന്നു മാസത്തേക്കെങ്കിലും ഒഴിവാക്കണം. പ്രവർത്തിക്കാതെ കിടക്കുന്ന സ്ഥാപനങ്ങൾക്ക് ഇതൊന്നും അടയ്ക്കാൻ കഴിയില്ല- ഇതൊക്കെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. 10 ലക്ഷത്തിൽ കൂടുതൽ കെട്ടിട നികുതി അടയ്ക്കുന്ന സ്ഥാപനങ്ങളുണ്ട്.

 അടുക്കളയിൽ കയറി

രണ്ടു കിലോ വെയിറ്റ് കൂടി

എനിക്ക് പാചകം മുമ്പേ വലിയ ഇഷ്ടമാണ്. ഇപ്പോൾ രാവിലെ ഭാര്യ അടുക്കളയിൽ കയറുമ്പോൾ ഞാനും കൂടും. വൈകിട്ട് വിവിധ തരം സ്നാക്സ് ഉണ്ടാക്കുന്നത് ഞാനാണ്. ഏലാഞ്ചി, കേസരി, ഉഴുന്നുവട അങ്ങനെ ഓരോന്നുണ്ടാക്കും. പരീക്ഷണങ്ങൾക്ക് ഭാര്യയാണ് സഹായി. ഉണ്ടാക്കുന്നതിൽ കുറച്ച് ഓഫീസിലുള്ളവർക്കും കൊടുത്തുവിടും. ഞാനാണ് ഉണ്ടാക്കുന്നതെങ്കിലും ഭാര്യ റാണി അതിന്റെയെല്ലാം ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യും. പ്രശംസയെല്ലാം ഭാര്യയ്ക്ക്!

മുമ്പ് ഐ.ടി.ഡി.സിയിലുണ്ടയിരുന്ന ഷെഫ് ഡാനിയലിനെ വീട്ടിൽ വിളിച്ചുവരുത്തി കുക്കറി ക്ലാസ് വയ്ക്കുമായിരുന്നു. ഹോട്ടലുകൾ നടത്തിപ്പിന് അത് മുതൽക്കൂട്ടായി. മുമ്പ് സ്നാക്സ് ഞാൻ ഒഴിവാക്കിയിരുന്നതാണ്. ഇപ്പോൾ പാചകം ചെയ്യുമ്പോൾ പാകം നോക്കിയും അല്ലാതെയുമൊക്കെ കഴിക്കുന്നു. പിന്നെ മുമ്പത്തെക്കാൾ റിലാക്സായിട്ടാണ് ആഹാരം കഴിക്കുന്നതും. ഫലമോ രണ്ടു കിലോ വെയിറ്റു കൂടി. ഇനി അത് കുറയ്ക്കണം.

വ്യായാമം കൂടുതലായി ചെയ്യണം. മുമ്പ് പുറത്ത് നടക്കാൻ പോകുമായിരുന്നു. ഇപ്പോൾ നടത്തം അകത്തായി.

എല്ലാവരുമായി ചേർന്ന് ഭാവി കാര്യങ്ങൾ പ്ളാൻ ചെയ്യുന്നുണ്ടിപ്പോൾ. പുതിയ പ്രോജക്ടിന്റെ ഡ്രോയിംഗ്സ് പരിശോധിക്കും, ആവശ്യമായ മാറ്റങ്ങൾ വരുത്തി പരിഷ്കരിക്കും. എന്നും വിഷ്ണുസഹസ്രനാമം ചൊല്ലും. മകൾ രേഷ്മയുമായും മരുമകൻ നന്ദുമായി ചെസ് കളിക്കും. ഒരു കൗതുകത്തിന് വാങ്ങിയതാണ് ചെസ്ബോ‌ർഡ്. ഇപ്പോൾ അത് അനുഗ്രഹമായി. ഇളയമകൾ മേഘയും ഭർത്താവ് അജയ് കൃഷ്ണനും അടൂരാണ്. (അടൂർ പ്രകാശ് എം.പിയുടെ മകനാണ് അജയ് കൃഷ്ണൻ)​ വിദേശത്തുള്ളവരുൾപ്പെടെയുള്ള സുഹൃത്തുക്കളുമായി വൈകിട്ട് വാട്സ് ആപ്പ് വീഡിയോയിലൂടെ കരൊക്കെ ഗാനമേള നടത്തും!