പൂവാർ: തമിഴ്നാട് അതിർത്തിയിൽ നിന്ന് കേരളത്തിലേയ്ക്ക് അനുമതിയില്ലാതെ കടന്ന വനിതാ ഡോക്ടറും സഹായിച്ച ഭർത്താവും പിടിയിൽ. ഇരുവർക്കുമെതിരെ ദുരന്തനിവാരണനിയന്ത്രണ നിയമപ്രകാരം കേസെടുത്തു. ഇവരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. വീടിനുമുന്നിൽ സ്റ്റിക്കറും പതിച്ചു.
കാഞ്ഞിരംകുളം പുല്ലുവിള സ്വദേശികളായ ഡോക്ടർ ദമ്പതികളാണ് പിടിയിലായത്. കന്യാകുമാരിയിലെ ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ ഗൈനക്കോളജിസ്റ്റാണ് വനിതാ ഡോക്ടർ. ഇവരെ കൂട്ടികൊണ്ടുവരാൻ ബുധനാഴ്ച രാത്രി ഭർത്താവ് ബൈക്കിൽ പോയെങ്കിലും പൊഴിയൂർ ഉച്ചക്കടയിൽ പൊലീസ് പിടികൂടി. വാഹനം പിടിച്ചെടുത്തു. ഇദ്ദേഹത്തെ താക്കീത് നൽകി വിട്ടയച്ചു.
നേരം പുലർന്നപ്പോൾ വനിതാ ഡോക്ടർ വീട്ടിൽ നിൽക്കുന്നതു കണ്ട് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. അതിർത്തിയിൽ നിന്ന് കാഞ്ഞിരംകുളത്തെ വീട്ടിലേക്ക് ഒൻപതു കിലോമീറ്ററോളം ദൂരമുണ്ട്. രാത്രി ഊടുവഴികളിലൂടെ വീട്ടിലെത്തിയെന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞത്.
ലോക്ക് ഡൗൺ ലംഘിച്ചതിനും സംസ്ഥാന അതിർത്തി അനുമതിയില്ലാതെ കടന്നതിനും കേസെടുത്തിട്ടുണ്ടെന്ന് കാഞ്ഞിരംകുളം
എസ്.ഐ. ബിനു ആന്റണി പറഞ്ഞു.