df

വർക്കല: കൊവിഡ് 19 ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയ വർക്കലയിൽ വ്യാഴാഴ്ചയും നിരവധി വാഹനങ്ങൾ ലോക്ക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയതോടെ പൊലീസ് നിയന്ത്രണം കടുപ്പിച്ചു. അനാവശ്യമായി വാഹനങ്ങളെടുത്ത് പുറത്തിറങ്ങിയ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചു. വർക്കലയുടെ പ്രധാന കവാടമായ പുത്തൻച്ചന്തയിൽ പൊലീസ് പരിശോധന ഊർജ്ജിതമാക്കി. പുന്നമൂട്, വർക്കല ഠൗൺ, പാലച്ചിറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. വർക്കല ഠൗണിൽ ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെയും പുത്തൻ ചന്തയിൽ പ്രൊബേഷൻ എസ്.ഐ പ്രവീണിന്റെയും പിങ്ക് പോലീസ് എസ്.ഐ ലിസിയുടെയും നേതൃത്വത്തിൽ എല്ലാ വാഹനങ്ങളും പരിശോധിച്ചു. ഇന്നലെ അനാവശ്യമായി പുറത്തിറങ്ങിയവരുടെ 160 ഓളം വാഹനങ്ങൾ പിടിച്ചെടുക്കുകയും 90 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. സത്യവാങ്മൂലവും ആവശ്യമായ രേഖകളും കയ്യിൽ കരുതാത്തവർക്കെതിരെയും മാസ്കും ഹെൽമറ്രും ധരിക്കാതെ വാഹനങ്ങളിൽ എത്തിയവർക്കെതിരെയും നടപടി സ്വീകരിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാപ്പിൽ ചെക്ക് പോസ്റ്റിലും കർശന പരിശോധന നടത്തുന്നുണ്ട്.