google-map

കിളിമാനൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന-ജില്ലാ അതിർത്തികളിൽ പരിശോധനകൾ ക‌ർശനമാണെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ അയൽ ജില്ലകളിൽ നിന്ന് തലസ്ഥാന ജില്ലയിലേക്ക് ഊട് വഴികളിലൂടെ നിരവധിപേർ എത്തുന്നതായി ആക്ഷേപം. സംസ്ഥാന പാതയിൽ തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തിയായ തട്ടത്തുമല വാഴോട് താൽക്കാലിക ചെക്ക് പോയിന്റിൽ പരിശോധന കർശനമാക്കിയതോടെ ഇതര ജില്ലയിലുള്ളവരാണ് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഊട് വഴികളിലൂടെ പരിശോധനയില്ലാതെ ജില്ലയിൽ പ്രവേശിക്കുന്നത്.

ഇതര ജില്ലകളിൽ നിന്നും ധാരാളം യാത്രക്കാരാണ് വിലക്ക് ലംഘിച്ച് തിരുവനന്തപുരത്തിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്. കളക്ടറുടെ കർശന നിർദ്ദേശം കണക്കിലെടുത്ത് വാഴോട് ചെക്ക് പോയിന്റിൽ പഴുതടച്ച പരിശോധനയാണ് നടത്തുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്ന് ധാരാളം പേർ വിലക്ക് ലംഘിച്ചെത്തുന്നുണ്ട്.

മറ്റ് ജില്ലകളിൽ പരിശോധന കാര്യക്ഷമമല്ലാത്തതുകൊണ്ടാകാം ഇത്രയും ദൂരം യാത്ര ചെയ്തെത്തുന്ന ഇവർ വാഴോടെത്തുമ്പോൾ പിടിക്കപ്പെടുന്നത്. സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങളാണ് നിലമേൽ ജംഗ്ഷൻ കടന്ന് ഇടറോഡുകളിലൂടെ ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നത്. ഉയർന്ന ഉദ്യോഗസ്ഥരുടെ ശുപാർശയിൽ ധാരാളം വാഹനങ്ങൾ വാഴോട് ചെക്ക് പോസ്റ്റ് വഴി ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും രാത്രി കാലങ്ങളിൽ കടത്തിവിടുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

അത്യാവശ്യ വാഹനങ്ങൾ മാത്രം കടത്തിവിട്ടാൽ മതിയെന്ന കർശന നിർദ്ദേശമുള്ളപ്പോഴാണ് മതിയായ കാരണങ്ങളില്ലാതെ എത്തുന്നവർ ശുപാർശയുടെ അടിസ്ഥാനത്തിൽ അതിർത്തി കടക്കുന്നത്. വയനാട്ടിൽ പിടിക്കപ്പെട്ട തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയും ഇത്തരത്തിൽ അതി‌ർത്തി കടന്നുപോയതാണ്.

തിരുവനന്തപുരം റൂറലിലെ ഡി.വൈ.എസ്.പിയാണ് അദ്ധ്യാപികയ്ക്ക് സംസ്ഥാനം വിടാനുളള പാസ് നൽകിയത്. പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സംഘമാണ് അതിർത്തിയിൽ പരിശോധനയ്ക്ക് നിലയുറപ്പിച്ചിരിക്കുന്നത്.